സിദ്ധാർത്ഥന്റെ മരണം; ജുഡീഷ്യൽ റിപ്പോർട്ടിൽ തുടർനടപടിയില്ല, ഡീനിന്റെയും അസി. വാർഡന്റെയും സസ്പെൻഷൻ പിൻവലിച്ചു

സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനാൽ, ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മാനേജ്മെന്റ് കൗൺസിൽ തീരുമാനിച്ചു. 

Suspension of Dean MK Narayanan and Dr Kanthanathan revoked in pookode veterinary university

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സസ്പെൻഷൻ നേരിട്ട ഡീൻ എം.കെ നാരായണൻ, അസി. വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം. ജുഡീഷ്യൻ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ മാതൃകാപരമായി ശിക്ഷിക്കണമെന്ന് വിസി ഉൾപ്പെടെ നാലുപേർ ആവശ്യപ്പെട്ടെങ്കിലും മാനേജ്മെന്റ് കൌൺസിലിലെ ഭൂരിപക്ഷം അംഗങ്ങളും ഇത് എതിർത്തു.

സിദ്ധാർത്ഥന്റെ മരണം അന്വേഷിക്കാൻ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന്റെ റിപ്പോർട്ടിന്മേൽ, പൂക്കോട് വെറ്ററിനറി കോളേജ് ഡീൻ ആയിരുന്ന എം.കെ.നാരായണൻ, മുൻ അസിസന്റ് വാർഡൻ ഡോ. കാന്തനാഥൻ എന്നിവർക്കെതിരെ കൂടുതൽ നടപടി വേണമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ഓഗസ്റ്റ് 23ന് വിസിക്ക് നൽകിയിരുന്നു. 45 ദിവസത്തിനകം നടപടി സ്വീകരിച്ച് അറിയിക്കണം എന്നായിരുന്നു നിർദേശം. 

എന്നാൽ , തുടർനപടി വേണ്ടെന്ന് സർവകലാശാല മാനേജ്മെന്റ് കൗൺസിൽ തീരുമാനമെടുത്തു. സസ്പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതിനാൽ, ഇരുവരെയും സർവീസിൽ തിരിച്ചെടുക്കാൻ ഇന്നലെ ചേർന്ന മാനേജ്മെന്റ് കൗൺസിൽ തീരുമാനിച്ചു. സർവകലാശാല വി.സി കെ.എസ്.അനിൽ ഉൾപ്പെടെ നാലുപേർ വിയോജിപ്പ് രേഖപ്പെടുത്തി. മാതൃകാപരമായി ശിക്ഷിക്കണം എന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, തുടർനടപടി വേണ്ടെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. 

തിരുവനന്തപുരം തിരുവിഴാംകുന്നിലെ കോളേജ് ഓഫ് എവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലെ ഡീനായി എം.കെ.നാരായണനും അധ്യാപകനായി ഡോ.കാന്തനാഥനും ജോലിക്ക് കയറാം. ചാൻസലറുടെ റിപ്പോർട്ടിന്മേൽ തുടർനപടി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് ഡോ.കാന്തനാഥൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ തീർപ്പ് വന്നിട്ടില്ല. ഹൈക്കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം ബാക്കി തീരുമാനിക്കാം എന്നാണ് മാനേജ്മെന്റ് കൗൺസിൽ നിലപാട്. 

ഈ വർഷം ഫെബ്രുവരി പതിനെട്ടിനാണ് പൂക്കോട് വെറ്ററിനറി കോളേജിലെ ശുപിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പസിൽ ഉണ്ടായിട്ടും ഡീൻ ആൾക്കൂട്ട വിചാരണ അറിഞ്ഞില്ല, ഹോസ്റ്റൽ ചുതമല ഉണ്ടായിരുന്ന ഡോ.കാന്തനാഥനും വീഴ്ചയുണ്ടായി എന്ന് കാണിച്ച് മാർച്ച് അഞ്ചിനായിരുന്നു ഇരുവരേയും സസ്പെൻഡ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios