സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നു? അതൃപ്തിയോട ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു
പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.
കോട്ടയം: കോട്ടയത്തെ മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടർന്ന്. സമ്മേളനം പൂർത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്‍റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല. പാർട്ടിയിലെ തുടർച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവർത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്‍റെ തീരുമാനം.
കോട്ടയത്തെ സിപിഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുകയാണ്. പാർട്ടി കമ്മിറ്റികളിലും സംഘടന പ്രവർത്തനത്തിലും അത്ര സജീവമല്ല. 2022 ൽ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുറുപ്പ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. സുരേഷ് കുറുപ്പിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. പക്ഷെ ആദ്യ ദിവസം സമ്മേളനത്തിൽ പങ്കെടുത്ത സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് നടന്ന ദിവസം വിട്ട് നിന്നു. പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തില്ല.
Also Read: 'പഴയകാല വീര്യം ചോർന്നു'; സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും എസ്എഫ്ഐക്കും വിമർശനം
മന്ത്രി വിഎൻ വാസവന്‍റെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിയിൽ തുടർച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്‍റെ പരാതി. സംഘടനയിൽ തന്നെക്കാൾ ജൂനിയറായവർ മേൽ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു. പാർലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്കർ പദവിയോ നൽകിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി. പാർട്ടിയുടെ ഒരു ഘടകത്തിലും ഇനി പ്രവർത്തിക്കാൻ ഇല്ലെന്നാണ് സുരേഷ് കുറുപ്പിന്‍റെ നിലപാട്. എന്നാൽ സിപിഎം അനുഭാവിയായി തുടരും. അനാരോഗ്യം കൊണ്ടാണ് സുരേഷ് കുറുപ്പ് ഒഴിവായതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. പാർട്ടിയുടെ ഈ പ്രസ്താവനയോടും സുരേഷ് കുറുപ്പിന് എതിർപ്പുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം