സഹാറ ഗ്രൂപ്പിന് 2 കോടി രൂപ പിഴ, ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ സുപ്രീംകോടതി

ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് കോടതി ഉത്തരവ്.

Supreme Court orders Sahara Group to pay Rs 2 crore fine to cmdrf for wayanad landslide victims

ദില്ലി: വയനാട്ടിലെ ഉരുള്‍‌പ്പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായി രണ്ട് കോടി രൂപ നല്‍കാന്‍ സഹാറ ഗ്രൂപ്പിന് സുപ്രീംകോടതിയുടെ നിര്‍ദേശം. ഉപഭോക്തൃ കേസിലെ കോടതി വിധി പാലിക്കാത്തതിനുള്ള പിഴത്തുക കൈമാറാനാണ് ഉത്തരവ്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും സന്ദീപ് മേത്തയുമടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. സഹാറ ഗ്രൂപ്പ് നിര്‍മിച്ച വീട് വാങ്ങിയവരുമായുള്ള കേസില്‍ ഏതാനും ഉപഭോക്താക്കള്‍ക്ക് ഫ്ലാറ്റ് നല്‍കാന്‍ കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു. ആറ് തവണ അവസരം നല്‍കിയിട്ടും ഉത്തരവ് പാലിക്കാത്തനിലാണ് സഹാറ ഗ്രൂപ്പിന് രണ്ട് കോടി രൂപ പിഴ ചുമത്തിയത്.

അതേസമയം,, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വേണ്ടി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ സംഭാവന 100 കോടി രൂപ കടന്നു. രണ്ടാഴ്ചക്കിടെ 110 .55 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ജൂലൈ മുപ്പത് മുതൽ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന ഫണ്ട് മുഴുവൻ  ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുക‌. വയനാടിന് ആശ്വാസമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിൻ്റെ നാനാ തുറകളിൽ നിന്നുമുള്ളവർ സംഭാവന നൽകിവരുകയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് മുതിർന്ന നേതാവ് എ കെ ആൻ്റണിയും അടക്കം നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ പ്രവർത്തകരും അടക്കം നിരവധി പേരാണ് ഇതിനോടകം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios