ആരിഫ് മുഹമ്മദ് ഖാന്റെ പിൻ​ഗാമി; ആരാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ?

ബീഹാറിൻ്റെ 29-ാമത് ഗവർണറായും ഹിമാചൽ പ്രദേശിൻ്റെ 21-ാമത് ഗവർണറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Successor of Arif Mohammed Khan who is Rajendra Vishwanath Arlekar the new Governor of Kerala

തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ്റെ പിൻഗാമിയായി രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരളത്തിൻ്റെ പുതിയ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിൻ്റെ ഗവർണറാകും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിന്നിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിൻ​ഗാമിയായി എത്തുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ നിലപാടുകൾ കേരള രാഷ്ട്രീയത്തിൽ വരും കാലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. 

ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കേരളത്തിൻ്റെ 23-ാമത് ഗവർണറാണ്. മുമ്പ് ബീഹാറിൻ്റെ 29-ാമത് ഗവർണറായും ഹിമാചൽ പ്രദേശിൻ്റെ 21-ാമത് ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗോവ സർക്കാരിൽ കാബിനറ്റ് മന്ത്രിയായും ഗോവ നിയമസഭയുടെ മുൻ സ്പീക്കറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പ്രവർത്തിച്ചിട്ടുണ്ട്. തുടക്ക കാലം മുതൽ തന്നെ ആർഎസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ് രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. 1989-ൽ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായ അദ്ദേഹം 1980 മുതൽ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു. 

വർഷങ്ങളായി ബിജെപിയുടെ ഗോവ യൂണിറ്റിൻ്റെ ജനറൽ സെക്രട്ടറി, ഗോവ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ചെയർമാൻ, ഗോവ സംസ്ഥാന പട്ടികജാതി, പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ ചെയർമാൻ തുടങ്ങി നിരവധി ചുമതലകൾ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൈകാര്യം ചെയ്തിട്ടുണ്ട്. ബിജെപിയുടെ സൗത്ത് ഗോവ പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി മനോഹർ പരീക്കർ മാറിയപ്പോൾ ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ അർലേക്കറും ഉണ്ടായിരുന്നു. എന്നാൽ, ലക്ഷ്മികാന്ത് പർസേക്കറിനെയാണ് ബിജെപി തെരഞ്ഞെടുത്തത്.

ഗോവ നിയമസഭ കടലാസ് രഹിതമാക്കാനുള്ള നീക്കത്തിന് തുടക്കമിട്ടത് അർലേക്കറായിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന നിയമസഭയായി ​ഗോവ മാറിയിരുന്നു. 2015ൽ മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ പരിസ്ഥിതി, വനം മന്ത്രിയായി അദ്ദേഹം നിയമിതനായി. 2021 ജൂലൈ 6-ന്, ബന്ദാരു ദത്താത്രേയയുടെ പിൻഗാമിയായി അർലേക്കർ ഹിമാചൽ പ്രദേശ് ഗവർണറായി നിയമിക്കപ്പെട്ടു. 

രാഷ്ട്രപതി നിയമിച്ച പുതിയ ഗവർണർമാർ

1. മിസോറാം ഗവർണർ ഡോ. ഹരി ബാബു കമ്പംപതിയെ ഒഡീഷ ഗവർണറായി നിയമിതനായി. 

2. ജനറൽ വിജയ് കുമാർ സിംഗിനെ മിസോറം ഗവർണറായി നിയമിച്ചു. 

3. ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കേരള ഗവർണറായി നിയമിച്ചു. 

4. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറായി നിയമിതനായി. 

5. മണിപ്പൂർ ഗവർണറായി അജയ് കുമാർ ഭല്ലയെ നിയമിച്ചു. 

READ MORE: കൊച്ചിയിലെ സ്പാ, പൊലീസെത്തുമ്പോൾ നിരവധി പേർ; അനാശാസ്യത്തിന് 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയിൽ

Latest Videos
Follow Us:
Download App:
  • android
  • ios