'സുഭദ്ര വീട്ടിലെത്തി പ്രശ്നമുണ്ടാക്കി, മകനെ ശർമ്മിള വെട്ടി'; കൊലപാതകമറിഞ്ഞ് ഞെട്ടിയെന്നും മാത്യുവിൻ്റെ കുടുംബം
മാത്യുവും ഷർമിളയും സ്ഥിരം മദ്യപാനികളാണെന്നും മാത്യുവിൻ്റെ മാതാപിതാക്കൾ പറയുന്നു. ആലപ്പുഴയിൽ ഒരു കോൺവൻ്റിൻ്റെ അനാഥാലയത്തിലാണ് ശർമ്മിള ഉണ്ടായിരുന്നത്
ആലപ്പുഴ: കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കല്യാണത്തിന് ശർമിളയ്ക്കൊപ്പം സുഭദ്ര ഉണ്ടായിരുന്നുവെന്നും ആന്റി എന്നാണ് പരിചയപ്പെടുത്തിയെന്നും ശർമിളയും സുഭദ്രയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും ഈ പണം തിരികെ ലഭിക്കാൻ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചുവെന്നുമാണ് മറ്റൊരു ആരോപണം.
മാത്യുവും ഷർമിളയും സ്ഥിരം മദ്യപാനികളാണെന്നും മാത്യുവിൻ്റെ മാതാപിതാക്കൾ പറയുന്നു. ആലപ്പുഴയിൽ ഒരു കോൺവൻ്റിൻ്റെ അനാഥാലയത്തിലാണ് ശർമ്മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യു വന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ തങ്ങൾ പോയി കുട്ടിയെ കണ്ടു. വളരെ സ്നേഹത്തോടെ പെരുമാറിയ ശർമ്മിളയെ ഞങ്ങൾക്കെല്ലാം ഇഷ്ടമായി. അങ്ങനെയാണ് വിവാഹത്തിലേക്ക് പോയത്. എന്നാൽ വിവാഹശേഷം മദ്യപിക്കുന്നയാളാണ് എന്ന് മനസിലായി. ശർമ്മിള മദ്യപിച്ച് കഴിഞ്ഞാൽ വലിയ തോതിൽ പ്രശ്നങ്ങളുണ്ടാക്കും. മാത്യുവിൻ്റെ അച്ഛനെയടക്കം അസഭ്യം പറഞ്ഞു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ പതിവാണ്. ഇതോടെ വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. ഒരിക്കൽ മാത്യുവിന്റെ കൈയിലെ മൂന്ന് ഞരമ്പുകൾ വെട്ടേറ്റ് മുറിഞ്ഞു. അത് ശർമിള ചെയ്തതാണെന്ന് തങ്ങൾ വിശ്വസിക്കുന്നു. ഇരുവരെയും നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും മാത്യുവിൻ്റെ അമ്മ പറഞ്ഞു.
വയോധികയെ കൊന്നു കുഴിച്ചു മൂടിയത് ആസൂത്രിതമായെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് തന്നെ വീടിന് പുറകുവശത്ത് കുഴി എടുത്തു എന്ന് നിഗമനം. കുഴി എടുക്കാൻ വന്ന ദിവസം പ്രായമായ ഒരു സ്ത്രീ കൂടി ആ വീട്ടിൽ ഉണ്ടായിരുന്നു എന്ന് മേസ്തിരി പോലീസിന് മൊഴി നൽകി. ഒളിവിൽ കഴിയുന്ന ഷർമിളയും നിധിൻ മാത്യുവും വീടിന് പുറകുവശത്ത് മാലിന്യം നിക്ഷേപിക്കാനെന്ന പേരിലാണ് തന്നെ വിളിച്ചു വരുത്തി കുഴി എടുപ്പിച്ചത്. ഈ സമയം പ്രായമായ സ്ത്രീയെ ആ വീട്ടിൽ കണ്ടു എന്നാണ് മൊഴി.
കുഴി എടുത്തത് ഓഗസ്റ്റ് ഏഴാം തിയ്യതിയാണ്. രണ്ട് ദിവസം കഴിഞ്ഞ് ബാക്കി പണം വാങ്ങാൻ വന്നപ്പോൾ കുഴി മൂടിയതായി കണ്ടു എന്നും മേസ്തിരി മൊഴി നൽകിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.
പ്രതികളെന്നു സംശയിക്കുന്ന നിധിൻ മാത്യുവിനും ശർമിളക്കും വേണ്ടി കടവന്ത്രയിൽ നിന്നും ആലപ്പുഴയിൽ നിന്നും അന്വേഷണ സംഘം ഉഡുപ്പിയിലെത്തി അന്വേഷണം നടത്തുകയാണ്. പ്രതികളെ കണ്ടെത്താനായിട്ടില്ല. നിധിൻ മാത്യുവും ശർമിളയും അമിത മദ്യപാനികളാണെന്നും, ഇരുവർക്കും ഇടയിൽ സംഘർഷം പതിവെന്നും നാട്ടുകാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഉഡുപ്പി സ്വദേശിയായ ശർമിളയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്. കുഴിച്ചെടുത്ത സുഭദ്രയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് നടക്കും. ഇതോടെ കൊലപാതകം സംബന്ധിച്ച കൂടുതൽ കാര്യങ്ങളിൽ പോലീസിന് വ്യക്തത വരും.