മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ജയിലിലടച്ചതിരെ പ്രതിഷേധം ശക്തം
നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയ ശേഷം മെഡിക്കൽ കോളേജ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ പ്രായത്തിന്റെ അവശതകൾ ഒന്നും തളർത്താതെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന വാസുവിനെയാണ് പിന്നീട് കോടതിയിൽ കണ്ടത്.
കോഴിക്കോട് : മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തം. നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 95 കാരനായ ഗ്രോ വാസുവിനെ കോടതി റിമാൻഡ് ചെയ്തത്. ഒരു പകൽ മുഴുവൻ നീണ്ട നടപടികൾക്ക് ഒടുവിലായിരുന്നു ഗ്രോ വാസുവിനെ ഇന്നലെ കുന്നമംഗലം ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തത്.
2016 നവംബർ 24 ന് നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജനെയും അജിതയും പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് അന്യായമായി സംഘം ചേരുകയും മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചെയ്തുവെന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നടപടി.
പിഴ അടയ്ക്കുകയോ കോടതിയിൽ ഹാജരാവുകയോ ചെയ്യാതിരുന്നതിനെ തുടർന്നായിരുന്നു വാസുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയ ശേഷം മെഡിക്കൽ കോളേജ് പൊലീസ് വാസുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്നാൽ പ്രായത്തിന്റെ അവശതകൾ ഒന്നും തളർത്താതെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്ന വാസുവിനെയാണ് പിന്നീട് കോടതിയിൽ കണ്ടത്. പിഴയടച്ച് കേസ് അവസാനിപ്പിക്കാനോ ബോണ്ട് ഒപ്പ് വച്ച് ജാമ്യത്തിൽ ഇറങ്ങാനോ വാസു തയ്യാറായില്ല. താൻ കുറ്റം ചെയ്തിട്ടില്ലെന്നും അന്യായമായി രജിസ്റ്റർ ചെയ്ത കേസിൽ പിഴ അടയ്ക്കാൻ ഒരുക്കമല്ലെന്നുമായിരുന്നു വാസുവിന്റെ നിലപാട്. സ്വന്തം നിലയിൽ ജാമ്യം അനുവദിക്കാൻ മജിസ്ട്രേട്ട് തയ്യാറാകുകയും ഇക്കാര്യം വാസുവുമായി സംസാരിക്കാൻ മറ്റ് അഭിഭാഷകരെ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും നിലപാട് മാറ്റാൻ വാസു തയ്യാറായില്ല.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു 14 ദിവസത്തേക്ക് റിമാന്‍റിൽ
ഇതേ കേസിൽ പ്രതിചേർക്കപ്പെട്ട 20 പേരിൽ വാസു ഒഴികെ 19 പേരും പിഴയടച്ച് കേസിൽ നിന്ന് ഒഴിവായ കാര്യവും മജിസ്ട്രേറ്റ് ശ്രദ്ധയിൽപ്പെടുത്തി. വാസുവിനൊപ്പം കോടതിയിൽ എത്തിയിരുന്ന ആദ്യകാല സഹപ്രവർത്തകൻ മോയിൻ ബാബുവിനെ കൊണ്ടും കോടതി അനുനയ നീക്കം നടത്തിയെങ്കിലും അതും ഫലം കണ്ടില്ല. ഒടുവിലായിരുന്നു റിമാൻഡ് ചെയ്യാനുള്ള തീരുമാനം. ഗ്രോ വാസുവിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കോഴിക്കോട് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.