കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കിട്ടിയത് 2 ബോംബുകൾ

കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലുണ്ടായിരുന്ന  ബോംബുകൾ പൊലീസ് പരിശോധനയിലാണ് കണ്ടെത്തിയത്

Steel bombs found again in Kannur

കണ്ണൂര്‍: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് രണ്ട് ബോംബ് കണ്ടെത്തിയത്. പൊലീസ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത്. എരഞ്ഞോളി ബോംബ് സ്ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തിയത്. ബോംബ് സ്ക്വാഡെത്തി സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്. ജില്ലയിൽ ആൾപാർപ്പില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചായിരുന്നു പരിശോധന. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂർ, കോളവല്ലൂർ മേഖലകളിലാണ് കൂടുതൽ പരിശോധന.

പാനൂർ സ്ഫോടനത്തിന് പിന്നാലെ ബോംബ് നിർമാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു. എരഞ്ഞോളി പ്രദേശത്തെ ക്രിമിനൽ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്. പത്ത് സ്ക്വാഡുകളായി തിരിഞ്ഞ് ആളൊഴിഞ്ഞ വീടുകളും പറമ്പുകളും കേന്ദ്രീകരിച്ച് റെയ്ഡ് തുടരുന്നതിനിടെയാണ് കൂത്തുപറമ്പിൽ ബോംബ്  കണ്ടെടുത്തത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios