'ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ അത് തുടരുന്നു';മുരളീധരനെതിരെ മുഖ്യമന്ത്രി
വി മുരളീധരനെ സംസ്ഥാനം ക്ഷണിച്ചിരുന്നില്ല എന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തുനിന്നുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി മുരളീധരനെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ ഇപ്പോഴും അത് തുടരുകയാണ്. ഹോം ക്വാറന്‍റീന്‍ പരായമായിരുന്നോ വിജയമായിരുന്നോ എന്ന് ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം എന്നും മുഖ്യമന്ത്രി പറഞ്ഞു.
'എംപിമാരും എംഎല്‍എമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വി മുരളീധരനെ ക്ഷണിച്ചിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കുകയും തുടങ്ങിയപ്പോള്‍ കണക്‌റ്റ് ചെയ്യുകയും ചെയ്തിരുന്നു. മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയില്ലെന്നും ഇടയ്‌ക്ക് പോകുമെന്നും അദേഹത്തിന്‍റെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നു. കോണ്‍ഫറന്‍സില്‍ അദേഹത്തിന്‍റെ ഓഫീസില്‍ നിന്ന് കണക്‌റ്റ് ചെയ്തത് ദൃശ്യമായിരുന്നു'.
'ഇവിടെ ചില ആക്ഷേപങ്ങൾ ഉന്നയിച്ചത് ശ്രദ്ധയിൽപെട്ടു. പെയ്ഡ് ക്വാറന്റൈനിന് കേന്ദ്ര നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് ശ്രീ. വി. മുരളീധരൻ പറഞ്ഞതായി കണ്ടു. 28-04 2020 ന്റെ വാർത്താ സമ്മേളനത്തിൽ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞിരുന്നു. പ്രവാസികളെ വീട്ടിൽ ക്വാറന്റൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നെന്ന് അന്ന് നമ്മൾ പറഞ്ഞു. 4-5-2020 ന് കാര്യങ്ങൾ മാറി. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. അന്ന് ഇങ്ങനെ വരുന്നവർക്ക് പരിശോധന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുൻതീരുമാനം സംസ്ഥാനത്തിന് മാറ്റേണ്ടി വന്നു'.
'അന്ന് നിലവിൽ പ്രഖ്യാപിച്ച രീതിയിൽ വിമാനങ്ങൾ വന്നാൽ ആരെയും നേരെ വീടുകളിലേക്ക് അയക്കാനാവില്ല. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റൈൻ വേണ്ടിവരും. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്ന് ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. എന്നാൽ വിമാനം എത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇതിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ ഇപ്പോഴും അത് തുടരുന്നു. കേന്ദ്രം അയച്ച സർക്കുലറും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർ ഒപ്പ് വയ്ക്കുന്ന സത്യവാങ്മൂലവും ഇത്തരക്കാർ വായിച്ച് നോക്കണം'.
'കേരളത്തിലെ ഹോം ക്വാറന്റൈൻ വിജയമാണോ പരാജയമാണോ എന്ന് ഇവിടെയുള്ളവർക്ക് അറിയാം. കേരളം പ്രവാസികൾക്ക് ഏഴ് ദിവസത്തെ മാത്രം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർദ്ദേശിച്ചു. അന്നതിനെ കേന്ദ്രം എതിർത്തു. അതേ നിലപാട് കേന്ദ്രം ഇപ്പോൾ കൈക്കൊണ്ടില്ലേ? ഹോം ക്വാറന്റൈൻ റൂം ക്വാറന്റൈൻ ആക്കണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അത് ഫലപ്രദമായി നടപ്പിലാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്'.
'പെയ്ഡ് ക്വാറന്റൈൻ സംസ്ഥാനം സ്വീകരിച്ച നിലപാടാണ്. താങ്ങാവുന്നവരിൽ നിന്ന് അതിന്റെ ഫീസ് വാങ്ങും. വരുന്നവരിൽ നല്ലൊരു വിഭാഗത്തിന് ആ ചെലവ് താങ്ങാനാവും. ആദ്യത്തെ ഏഴ് ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. എല്ലാവരെയും ഹോം ക്വാറന്റൈനിലേക്ക് വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇവിടെ ചികിത്സ സൗജന്യമാണെന്നാണ് പറഞ്ഞത്. ഹോം ക്വാറന്റൈനിൽ പറ്റാത്തവർക്ക് സർക്കാർ ക്വാറന്റൈൻ എന്നാണ് പറഞ്ഞത്. ഒരു ടെസ്റ്റിന് നാലായിരത്തിലധികം രൂപ വരും. അതൊക്കെ സംസ്ഥാനം വഹിക്കും'.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാട്‌സ് ആപ്പില്‍ വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് അയച്ചെങ്കിലും മന്ത്രിക്ക് അതില്‍ കയറാനായില്ല എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തിട്ടുമില്ല. മുരളീധരന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സര്‍ക്കാരിന് ആത്മാര്‍ത്ഥമായി ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ ഫോണിലെങ്കിലും വിളിച്ച് സാന്നിധ്യം ഉറപ്പാക്കണമായിരുന്നു എന്നായിരുന്നു സുരേന്ദ്രന്‍റെ വാക്കുകള്‍.
സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട്- 10, പാലക്കാട്- 8, ആലപ്പുഴ- 7, കൊല്ലം- 4, പത്തനംതിട്ട- 3, വയനാട്- 3, കോഴിക്കോട്- 2, എറണാകുളം- 2, കണ്ണൂർ- 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതിൽ 16 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. തമിഴ്നാട്ടിൽ നിന്ന് വന്നത് 5 പേർ. സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം പിടിപെട്ടു. ഒന്‍പത് പേര്‍ വിദേശത്തുനിന്ന് വന്നവര്‍.