സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല: അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ
മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്
കൊച്ചി: നാളെ ക്രിസ്തുമസ് ദിനം ആഘോഷിക്കാനിരിക്കെ കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല. ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ വ്യക്തമാക്കി. ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷമായി അടച്ചിട്ട പള്ളി തുറക്കാൻ വത്തിക്കാൻ പ്രതിനിധിയുമായുള്ള ചര്‍ച്ചയിൽ സമവായമായിരുന്നു. എന്നാലത് ഉണ്ടാകില്ലെന്നാണ് ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ പറഞ്ഞു.
മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. വൈദികരുമായുള്ള യോഗത്തിൽ ഇക്കാര്യമാണ് വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടത്. തുടർ ചർച്ചകളിലാണ് അടഞ്ഞു കിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24 ന് തുറക്കാനും മാർപ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും തീരുമാനമായത്.
അതേസമയം അതിരൂപയ്ക്ക് കീഴിലെ മറ്റ് പള്ളികളിൽ ക്രിസ്തുമസ് ദിനം ഒരു തവണ സിനഡ് കുർബാന എന്നതാണ് മുന്നോട്ടുവെച്ച നിർദ്ദേശം. മൈനർ സെമിനാരികളിൽ മാസത്തിൽ ഒരു തവണ സിനഡ് കുർബാന അർപ്പിക്കുക, മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തിൽ പുറമെ നിന്നെത്തുന്നവർക്ക് ഇഷ്ടപ്രകാരമുള്ള കുർബാന അർപ്പിക്കാം എന്നതും ചർച്ചയിൽ ധാരണയായി. നേരത്തെ സിനഡിൽ കമ്മീഷൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയിലും ധാരണയിലായത്. വത്തിക്കാന്‍റെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും ചർച്ചയിലെ തീരുമാനം. എന്നാൽ ഇതിനെല്ലാം വിരുദ്ധമായാണ് സെന്റ് മേരീസ് ബസിലിക്ക പള്ളി തുറക്കില്ലെന്ന് ഇപ്പോൾ വ്യക്തമാക്കിയത്.
Nava Kerala Sadas | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്