Sreenivasan Murder : ശ്രീനിവാസന്‍ വധക്കേസ്; മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു

മൂന്ന് ബൈക്കുകളിലെത്തിയാണ് ശ്രീനിവാസനെ പ്രതികളെ കൊലപ്പെടുത്തിയത്. ഇതിൽ ഒരു സ്കൂട്ടര്‍ ആദ്യമെ കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളാണ് തെളിവ് നശിപ്പിക്കാനായി പൊളിച്ചുനീക്കിയത്.

Sreenivasan Murder Case  police recovered bikes used by main accused were

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ (Sreenivasan Murder Case) മുഖ്യപ്രതികൾ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. കൊല നടത്തിയ ശേഷം പട്ടാമ്പിയിലെ വര്‍ക്ക്ഷോപ്പിൽ എത്തിച്ചാണ് ഇവ പൊളിച്ച് മാറ്റിയത്. കേസിൽ ഇതുവരെ 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാല് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തിന് ഉപയോഗിച്ച ബൈക്കുകൾ പൊളിച്ചുനീക്കിയ വിവരം പൊലീസിന് കിട്ടിയത്. പട്ടാമ്പി ഓങ്ങല്ലൂരിലെ വര്‍ക്ക്ഷോപ്പിൽ എത്തിയ അന്വേഷണ സംഘം ബൈക്കുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. മൂന്ന് ബൈക്കുകളിലെത്തിയാണ് ശ്രീനിവാസനെ പ്രതികളെ കൊലപ്പെടുത്തിയത്. ഇതിൽ ഒരു സ്കൂട്ടര്‍ ആദ്യമെ കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് ബൈക്കുകളാണ് തെളിവ് നശിപ്പിക്കാനായി പൊളിച്ചുനീക്കിയത്. ആക്രിക്കച്ചവടക്കാരുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കിയത്. തെളിവ് നശിപ്പിക്കാൻ പ്രാദേശികമായി സഹായം ചെയ്തവരും പ്രതികളാകും. ശ്രീനിവാസൻ കൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവര്‍ ഇനിയും പിടിയിലാകാനുണ്ട്. തിരിച്ചറിയൽ പരേഡ് ഉള്ളതിനാൽ അറസ്റ്റിലായ മുഖ്യ ആസൂത്രകന്‍റെ പേര് വിവരങ്ങളും പൊലീസ് പരസ്യപ്പെടുത്തിയിട്ടില്ല.

അതേസമയം, ശ്രീനിവാസന്‍ വധക്കേസ് പ്രതിയായ കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ബൈക്കിലെത്തിയ സംഘം ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പികൾ എറിയുകയായിരുന്നു. ഉഗ്ര ശബ്ദം കേട്ടാണ് ഫിറോസിന്റെ കുടുംബം എഴുന്നേല്‍ക്കുന്നത്. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചുവെന്ന് കുടുംബം പറയുന്നു. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ വിരോധം മൂലം അക്രമികള്‍ ഫിറോസിന്റെ വീട് ആക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അയ്യായിരം രൂപയുടെ നാശ നഷ്ടമാണ് വീടിനുണ്ടായത്. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു. എന്നാല്‍ അടിസ്ഥാന രഹിതമായ ആരോപണമെന്നാണ് ആര്‍എസ്എസിന്റെ പ്രതികരണം. 

ശ്രീനിവാസന്‍ വധം : എതിരാളികളുടെ പട്ടിക തയ്യാറാക്കിയുള്ള കേരളത്തിലെ ആദ്യ കൊലപാതകം, പൊലീസ് കോടതിയില്‍

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍റേത് പട്ടിക തയ്യാറാക്കി നടത്തിയ കൊലപാതകമെന്ന് അന്വേഷണ സംഘം കോടതിയില്‍. കൊലപാതകത്തിനായി വലിയ ഗൂഡാലോചന നടത്തിയെന്നും നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ പൊലീസ് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ശ്രീനിവാസന്‍റെ കൊലപാതക ഗൂഡാലോചനയില്‍ അറസ്റ്റിലായ മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, സഹദ്, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയിലാണ് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയത്. 

മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഡാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് റിമാന്‍റ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് കോടതി നാല് പ്രതികളെയും ഞായറാഴ്ച്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്. പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.

Latest Videos
Follow Us:
Download App:
  • android
  • ios