'ഞാനല്ലല്ലോ ചവിട്ടിയത്': കുട്ടിയെ ചവിട്ടിയ സംഭവത്തിലെ ചോദ്യത്തിന് ക്ഷുഭിതനായി സ്പീക്കർ
കുട്ടിയെ ചവിട്ടിയ സംഭവത്തിൽ രാത്രി പൊലീസ് പ്രതിയെ വിട്ടയച്ചതിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ചായിരുന്നു ചോദ്യം
തിരുവനന്തപുരം: തലശേരിയിൽ കുട്ടിയെ യുവാവ് ചവിട്ടിയ സംഭവത്തിലെ ചോദ്യത്തോട് ക്ഷുഭിതനായി കേരള നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. ഞാനല്ലല്ലോ ചവിട്ടിയത് എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ സ്പീക്കർ രോഷത്തോടെ പ്രതികരിച്ചത്. കുട്ടിയെ ചവിട്ടിയ സംഭവത്തിൽ രാത്രി പൊലീസ് പ്രതിയെ വിട്ടയച്ചതിൽ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചയെ കുറിച്ചായിരുന്നു ചോദ്യം.
'ചവിട്ടിയത് ഞാനല്ല. ചോദ്യം കേട്ടാൽ ഞാനാണ് ചവിട്ടിയതെന്നാണ് തോന്നുക. ശരി ശരി ഓകെ..' - എന്നായിരുന്നു രോഷത്തോടെ സ്പീക്കറുടെ മറുപടി. കുട്ടിയെ ചവിട്ടിയ പ്രതിയെ വിട്ടയച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ, വീഴ്ചയുണ്ടായെങ്കിൽ കാരണക്കാരനായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമോ എന്നുമായിരുന്നു ചോദ്യം.
സംഭവം നടന്ന സ്ഥലം സ്പീക്കർ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ ഉൾപ്പെട്ട ഇടമാണ്. അതിനാൽ കൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്പീക്കറോട് പ്രതികരണം തേടിയത്. ഏഷ്യാനെറ്റ് ന്യൂസാണ് കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഇന്നലെ വൈകീട്ടാണ് തന്റെ കാറിൽ ചവിട്ടിയെന്ന കാരണത്താൽ രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ കുഞ്ഞിനെ മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ 20കാരൻ ചവിട്ടിത്തെറിപ്പിച്ചത്. സംഭവം നേരിൽ കണ്ട ചിലർ മുഹമ്മദ് ഷിനാദിനെ തടയുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. പൊലീസാകട്ടെ കാർ കസ്റ്റഡിയിൽ വെച്ച ശേഷം മുഹമ്മദ് ഷിനാദിനെ വിട്ടയച്ചു. ഇന്നലെ രാത്രി സംഭവത്തെ കുറിച്ച് അറിയാൻ പൊലീസ് സ്റ്റേഷനിൽ ഏഷ്യാനെറ്റ് ന്യൂസ് ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇന്ന് രാവിലെ എട്ട് മണിക്ക് ഹാജരാകണം എന്ന് പറഞ്ഞ് ശിഹ്ഷാദിനെ പൊലീസ് വിട്ടയച്ചുവെന്ന് പിന്നീടാണ് അറിഞ്ഞത്.
രാവിലെ ദൃശ്യങ്ങൾ സഹിതം ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുവിട്ടതോടെയാണ് പൊലീസ് മുഹമ്മദ് ഷിനാദിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ വധശ്രമ കുറ്റം അടക്കം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തെ കുറിച്ച് വിശദീകരിച്ച ശേഷം നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്ന് ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ സ്പീക്കർ വിശദീകരിച്ചിരുന്നു. പിന്നീട് പൊലീസ് വീഴ്ചയെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം ഞാനല്ലല്ലോ ചവിട്ടിയത് എന്ന് ക്ഷോഭിച്ച് വ്യക്തമായ മറുപടി നൽകാതെ ഫോൺ ബന്ധം വിച്ഛേദിച്ചത്.