വെള്ളാപ്പള്ളിക്ക് തിരിച്ചടി, എസ്എൻഡിപി യോഗം ബൈലോ പരിഷ്കരിക്കാം, ജില്ലാകോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
തിരുവനന്തപുരം: എസ്എൻഡിപി(SNDP) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എൻഡിപി യോഗം ബൈലോ പരിഷ്ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എൻഡിപി ജനറൽ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരെയുള്ള എറണാകുളം ജില്ലാ കോടതി ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. നേരത്തെ ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി സി൦ഗിൽ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേയാണ് ഇന്ന് ഡിവിഷൻ ബെഞ്ച് നീക്കിയത്.
തുടക്കകാലം മുതലെ ജനറൽ സെക്രട്ടറി പദവിയിലേക്ക് അധികാരം കേന്ദ്രീകരിച്ചുള്ള രീതിയാണ് എസ്എൻഡിപിക്കുള്ളത്. അതിൽ സമൂലമാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലിനാണ് ഹൈക്കോടതി തുടക്കമിട്ടിരിക്കുന്നത്. പ്രതിനിധി വോട്ടിംഗ്, ജനറൽ സെക്രട്ടറി പദവിയുടെ അധികാരദുർവിനിയോഗം എന്നിങ്ങനെ നിലവിലെ ഭരണഘടനയെ ചോദ്യം ചെയ്താണ് 23 വർഷങ്ങൾക്ക് മുൻപ് 5 പേർ എറണാകുളം ജില്ല കോടതിയെ സമീപിച്ചത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ജി കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലാണ് ഹർജി നൽകിയത്.
പത്ത് വർഷം ഇതിൽ വാദം കേട്ട കോടതി ഭരണഘടനമാറ്റത്തിന് പ്രാഥമികമായി അനുകൂല ഉത്തരവ് നൽകി. ഇരുകക്ഷികളോടും ഭരണഘടന ഭേദഗതി നിർദ്ദേശിക്കാനും അത് പ്രകാരം അന്തിമ വാദം കേൾക്കാമെന്നും ഉത്തരവിട്ടു. എന്നാൽ ഇതിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയെ സമീപിച്ചു. 2009 ൽ സിംഗിൽ ബെഞ്ചിൽ നിന്ന് സ്റ്റേ നേടി. ഇതിനെതിരെയാണ് എതിർകക്ഷികൾ ഹൈക്കോടതി സിംഗിൽ ബെഞ്ചിനെ സമീപിച്ച് സ്റ്റേ നീക്കിയത്. ഇതോടെ ജില്ലാ കോടതി നിർദ്ദേശപ്രകാരമുള്ള ഭരണഘടന ഭേഗതിയിലേക്ക് നിലവിൽ സംഘടന നിയന്ത്രിക്കുന്ന വെള്ളാപ്പള്ളി നടേശനും സഹകരിക്കേണ്ടി വരും.
200 പേർക്ക് ഒറ്റ വോട്ടെന്ന പ്രാതിനിത്യ വോട്ടിംഗ് രീതി മാറ്റി എല്ലാ അംഗങ്ങൾക്കും വോട്ട് എന്നീ കാര്യങ്ങളടക്കം ഇനി പരിഗണിക്കേണ്ടതായി വരും. ജില്ലാ കോടതിയിൽ ഇരുകക്ഷികളും നൽകുന്ന നിയമഭേഗതി നിർദ്ദേശങ്ങളിലെ വാദങ്ങൾ കേട്ട ശേഷമാകും ഇക്കാര്യത്തിൽ അന്തിമവിധി. നിലവിലെ ഭരണസമിതിയുടെ കാലാവധി 2020 ൽ പൂർത്തിയായെന്നും തെരഞ്ഞെടുപ്പ് കഴിയും വരെ റിസീവർ ഭരണം ഏർപ്പെടുത്തണം എന്നുമാണ് എതിർകക്ഷികളുടെ ആവശ്യം.
Aided School:നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി