സെക്രട്ടേറിയേറ്റിൽ വീണ്ടും പാമ്പ്; ആശങ്കയിലായി ജീവനക്കാർ; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി
സെക്രട്ടറിയേറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി.
തിരുവനന്തപുരം: ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ മൂന്നാം തവണയും പാമ്പിനെ കണ്ടെത്തി. ഇന്ന് രണ്ട് തവണയാണ് സെക്രട്ടറിയേറ്റിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം പാമ്പിനെ കണ്ട ജലവിഭവ വകുപ്പ് ഓഫീസിന് സമീപമാണ് ഇന്ന് വീണ്ടും പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ പത്തേകാലോടെ ഒരു പാമ്പിനെ ജീവനക്കാർ അടിച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാമ്പിനെ കണ്ടെത്തിയത്. വനം വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ പിടിച്ചു.
സെക്രട്ടറിയേറ്റിൽ ഒരു ദിവസം രണ്ട് പ്രാവശ്യം പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. രണ്ട് ദിവസം മുമ്പ് ജലവിഭവ വകുപ്പ് ഓഫീസിന് സമീപം പാമ്പിനെ കണ്ടിരുന്നു. ജീവനക്കാർ ഉപയോഗിക്കുന്ന വാഷ് ബെയ്സിന് സമീപത്തെ പടിയിലാണ് പാമ്പുണ്ടായിരുന്നത്. ജീവനക്കാർ പാമ്പിനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും അന്ന് കഴിഞ്ഞില്ല. ഇന്ന് രാവിലെ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി. എഞ്ചിനീയറുടെ ഓഫീസിന് സമീപം കണ്ടെത്തിയ പാമ്പിനെ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എത്തിയ ചേർന്ന് തല്ലി കൊന്നു. ഇന്ന് രാവിലെ കണ്ട പാമ്പ് കഴിഞ്ഞ ദിവസം കണ്ട അതേ പാമ്പായിരിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ഉച്ചയോടെ വീണ്ടും പാമ്പിനെ കണ്ടത്. ഈ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി മാറ്റി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം