വീഡിയോ കോളില്‍ സംസാരിച്ച് അബിഗേലും അമ്മയും; വൈകാരിക നിമിഷങ്ങള്‍
വീഡിയോ കോളില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്.
കൊല്ലം: വീഡിയോ കോളില്‍ ആറ് വയസ്സുകാരി അബിഗേലിനോട് സംസാരിച്ച് അമ്മ. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. ഇന്നലെ കാറില്‍ ഒരു സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്നാണ് കൊല്ലം ആശ്രാമം മൈതാനത്തു വെച്ച് നാട്ടുകാര്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. നാടൊട്ടുക്കും പൊലീസ് വലവിരിച്ചതോടെയാണ് പ്രതികൾ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയാൻ നിര്‍ബന്ധിതരായത്. ജില്ലയിലാകെ പൊലീസ് കര്‍ശന പരിശോധന നടത്തി വരികയായിരുന്നു.
ആശ്വാസം, സന്തോഷം: അബിഗേലിനെ കണ്ടെത്തി, തട്ടിക്കൊണ്ടുപോയവര്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
കേരളക്കരയാകെ മണിക്കൂറുകളായി തെരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ പൊലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും. ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. പൊലീസിനൊപ്പം നാടൊന്നാകെ കുട്ടിക്കായി തിരച്ചിൽ തുടങ്ങിയതോടെ കുട്ടിയെ ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് തിരിച്ചറിഞ്ഞാകണം പ്രതികൾ കുട്ടികളെ ഉപേക്ഷിച്ചത്. സ്വന്തം മകളെന്ന പോലെ നാടൊന്നാകെ അബിഗേലിനായി തിരച്ചിൽ തുടങ്ങിയതാണ് ഈ തിരച്ചിൽ വിജയത്തിലേക്ക് എത്തിച്ചത്.