സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം

കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കൾ അപകടത്തില് മരിച്ചു. കണ്ണൂരിൽ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു. 

Six dies in various road accidents in kerala on christmas day

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ആറ് മരണം. കൊല്ലം കുണ്ടറയിലും കോഴിക്കോട് കാട്ടിലെ പീടികയിലുമായി നാല് യുവാക്കൾ അപകടത്തില് മരിച്ചു. കണ്ണൂരിൽ ബൈക്ക് മറിഞ്ഞ് യുവതിയും ഇടുക്കിയിൽ ജീപ്പ് മറിഞ്ഞ് പത്തൊമ്പതുകാരനും മരിച്ചു. 

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് യുവാക്കൾ മരിച്ചത്. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.

കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കൾ. 

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം വാളാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ചോറ്റുപാറ പുത്തൻ വീട്ടിൽ രാജൻ്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ആനവിലാസത്ത് നിന്നും ചോറ്റു പാറയിലേക്ക് വരുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  മരിച്ച വിഷ്ണുവാണ് ജീപ്പ് ഒടിച്ചിരുന്നത് വാഗമറ്റത്തിനടുത്ത് വച്ച് ഡ്രൈവർ മാറിക്കയറുന്നതിനിടെ വാഹനം 25 അടിയോളം താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റതിനെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു വഴിക്ക് മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപെട്ടു.

അതേസമയം, കണ്ണൂർ കുടിയാന്‍മലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കണ്ടത്തില്‍ സോമിയുടെ മകള്‍ അലീന (22) യാണ് മരിച്ചത്. പാതിരാ കുര്‍ബാന കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അതിനിടെ, എറണാകുളത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്കേറ്റു. എറണാകുളം ആലുവയിൽ നാടക ട്രൂപ്പിന്റെ ബസ് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം വൈ വെ ബാലെ ട്രൂപ്പ് സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios