ആ സാറിന്റെ വാക്ക് ഹൃദയത്തിൽ മുള്ള് പോലെ കൊണ്ടു, ഇനിയാരോടും ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യരുത്: ശിവരാമന്റെ ഭാര്യ
ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ് ജീവനക്കാർ ആറ് വർഷമായി വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കാതെ വന്നതിനെ തുടർന്നാണ് പിഎഫ് ഓഫീസിനുള്ളിൽ വച്ച് വിഷം കഴിച്ച് 68കാരനായ ശിവരാമൻ ജീവനൊടുക്കിയത്
തൃശ്ശൂര്‍: വൈകിക്കിട്ടിയ പിഎഫ് പണം കടം വീട്ടാൻ പോലും തികഞ്ഞില്ലെന്ന് കൊച്ചി പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ ആത്മഹത്യ ചെയ്ത ശിവരാമന്റെ ഭാര്യ ഓമന ഏഷ്യാനെറ്റ് ന്യൂസിനോട്. ശിവരാമന്റെ പിഎഫ് വിഹിതം പലിശ അടക്കം 94000 രൂപ കിട്ടി. ഇന്നലെ അത് അക്കൗണ്ടിൽ നിന്നെടുത്തു. എന്നാൽ ശിവരാമന്റെ ആശുപത്രി ചിലവിനു പോലും തുക തികഞ്ഞില്ല. ഇനി ഒരാളോടും ഉദ്യോഗസ്ഥർ ഇങ്ങനെ ചെയ്യരുത്. ക്യാൻസർ രോഗിയായിരുന്നു ശിവരാമൻ. എട്ട് തവണ പണത്തിന് വേണ്ടി ഓഫീസിൽ കയറിയിറങ്ങി. ഹൃദയം വേദനിച്ചാണ് അദ്ദേഹം മരിച്ചതെന്നും ഓമന പറഞ്ഞു.
'ആള് അധ്വാനിച്ച കാശിനല്ലേ നടന്നുള്ളൂ. ആ സാറിന്റെ വാക്ക് മുള്ളുപോലെ ഹൃദയത്തിൽ കൊണ്ടു. ആൾക്ക് അത് മനസിൽ വേദനിച്ചു. രോഗം കാൻസറല്ലേ. 1500 രൂപ മാസം ഗുളികയ്ക്ക് വേണം. ഗുളിക മേടിക്കാൻ ഇനി മക്കളോട് കൈനീട്ടണ്ടേ. ഞങ്ങൾ പാവങ്ങളാണ്. ഒന്നുമില്ല ഞങ്ങളുടെ കൈയ്യിൽ. പിഎഫിൽ നിന്ന് പണം കിട്ടി, സ്വരുക്കൂട്ടി വച്ച കുറച്ച് കാശും ഉണ്ടായിരുന്നു. അത് രണ്ടും ചേര്‍ത്ത് ഡോക്ടറെ രണ്ടാമതും കാണണമെന്ന ആലോചനയിലാണ് ആളിരുന്നത്. അധ്വാനിച്ച കാശ് ഇങ്ങനെ നിസാര കാര്യം പറഞ്ഞ് തടയരുത്.' വേറെ ആരോടും ഉദ്യോഗസ്ഥര്‍ ഇതുപോലെ പെരുമാറരുതെന്നും ഓമ പറഞ്ഞു.
ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ് ജീവനക്കാർ ആറ് വർഷമായി വിരമിക്കൽ ആനുകൂല്യങ്ങൾ അനുവദിക്കാതെ വന്നതിനെ തുടർന്നാണ് പിഎഫ് ഓഫീസിനുള്ളിൽ വച്ച് വിഷം കഴിച്ച് 68കാരനായ ശിവരാമൻ ജീവനൊടുക്കിയത്. അപ്പോളോ ടയേഴ്സിലെ മുൻ കരാർ ജീവനക്കാരനായിരുന്നു തൃശ്ശൂർ പേരാമ്പ്ര സ്വദേശിയായ ശിവരാമൻ. ഇദ്ദേഹത്തിന്റെ പിഎഫ് നിക്ഷേപ തുക പലിശ സഹിതമാണ് ഭാര്യയുടെ അക്കൌണ്ടിലേക്ക് ഇന്നലെ കൈമാറിയത്. നിക്ഷേപ തുകയും പലിശയും ചേർത്ത് 94000 രൂപയാണ് കൈമാറിയത്.
ഫെബ്രുവരി മാസം ആറാം തിയതിയാണ് കലൂരിലെ പി.എഫ് ഓഫീസിലെ ശുചിമുറിയിൽ കയറി ശിവരാമൻ വിഷം കഴിച്ചത്. ടയർ കമ്പനിയിലെ കരാർ ജോലിയിൽ നിന്ന് 6 വർഷം മുൻപ് വിരമിച്ച ശിവരാമന് നിക്ഷേപ തുക തിരികെ നൽകുന്നതിന് ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേത പിഴവ് തിരുത്താത്തതാണ് കാരണമായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പിഎഫ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. ഇതോടെ അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് പിഎഫ് ഉദ്യോഗസ്ഥർ കടുപ്പിച്ച് പറഞ്ഞതോടെയായിരുന്നു ശിവരാമന്റെ ജീവനൊടുക്കിയത്.
പിഎഫ് ഓഫീസിലെ ജീവനക്കാരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആതമഹത്യാ കുറിപ്പ് ശിവരാമന്റെ മൃതദേഹത്തിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ശിവരാമന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഭാര്യയിൽ നിന്ന് പിഎഫ് ഉദ്യോഗസ്ഥർ അപേക്ഷ ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നാലെ നിക്ഷേപ തുക പലിശ സഹിതം കൈമാറുകയുമായിരുന്നു. എന്നാൽ അപേക്ഷകൻ ജീവനൊടുക്കുന്ന സാഹചര്യം സൃഷ്ടിച്ച ജനനത്തീയതിയിലെ പൊരുത്തക്കേട് എങ്ങനെ മാറിയെന്നതിന് വിശദീകരണമില്ല.