യൂട്യൂബ് നോക്കി നെറ്റിപ്പട്ട നിര്‍മ്മാണം പഠിച്ച് സഹോദരിമാർ; വിജയകരമായതോടെ വരുമാന മാർഗമാക്കി അശ്വതിയും ആരതിയും
വീട്ടമ്മയായ അശ്വതിയാണ് രണ്ടുവര്‍ഷം മുന്‍പ് ഗര്‍ഭിണി ആയിരിക്കുന്ന സമയം യൂട്യൂബ് വഴി നെറ്റിപ്പട്ട നിര്‍മ്മാണം പഠിക്കുന്നത്.
തിരുവനന്തപുരം: ഒരു കൗതുകത്തിന് യൂട്യൂബ് നോക്കി പഠിച്ച നെറ്റിപ്പട്ട നിര്‍മ്മാണം വഴി ഇന്ന് വരുമാന മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് രണ്ടു സഹോദരിമാര്‍. ഉത്സവങ്ങളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാര്‍ക്ക് അണിയുന്നതിന് പുറമെ മലയാള തനിമ വിളിച്ചോതി വീടുകളിലും ഓഫീസുകളിലും എന്തിന് വേണ്ട വാഹനങ്ങള്‍ക്ക് ഉള്ളില്‍വരെ ഇന്ന് അലങ്കാര വസ്തുവായി ഉപയോഗിക്കുന്ന ഒന്നാണ് ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍. ആവശ്യക്കാര്‍ക്ക് ഇവ നിര്‍മ്മിച്ച് നല്‍കി വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയാണ് വെള്ളായണി വള്ളംകോട് മുത്തുകുഴി മംഗലത്ത് വിളാകത്ത് വീട്ടില്‍ അനില്‍കുമാര്‍ ശ്രീകല ദമ്പതികളുടെ മക്കളായ 26 വയസുകാരി അശ്വതിയും, 20 വയസുകാരി ആരതിയും.
വീട്ടമ്മയായ അശ്വതിയാണ് രണ്ടുവര്‍ഷം മുന്‍പ് ഗര്‍ഭിണി ആയിരിക്കുന്ന സമയം യൂട്യൂബ് വഴി നെറ്റിപ്പട്ട നിര്‍മ്മാണം പഠിക്കുന്നത്. പിന്നീട് ഇത് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സഹോദരിക്കും പകര്‍ന്ന് നല്‍കി. സോഷ്യല്‍ മീഡിയ വഴി ആളുകളെ കണ്ടെത്തി തൃശൂരില്‍ നിന്ന് നെറ്റിപ്പട്ടം നിര്‍മ്മിക്കേണ്ട സാധനങ്ങള്‍ വാങ്ങി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ആദ്യ നെറ്റിപ്പട്ടം നിര്‍മ്മിച്ചു നോക്കി. ഇത് വിജയം കണ്ടതോടെ എന്തുകൊണ്ട് ഇതൊരു വരുമാന മാര്‍ഗ്ഗം ആക്കികൂടാ എന്ന ചിന്ത ഇവരില്‍ ഉദിച്ചു. ഈ ഒരു ചിന്ത ആണ് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പല വലുപ്പങ്ങളിലുള്ള നാല്‍പതിലേറെ ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍ ആവശ്യക്കാര്‍ക്ക് നിര്‍മ്മിച്ചു നല്‍കാന്‍ ഇവര്‍ക്ക് പ്രേരണയായത്. അഞ്ച് അടി നീളമുള്ള നെറ്റിപ്പട്ടം ആണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലുത് എന്ന് അശ്വതി പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന വരുമാനം കുടുംബത്തിന് താങ്ങായും ആരതിയുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഒക്കെ സഹായകമാണെന്ന് അശ്വതി പറയുന്നു.
kithoose craft എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി നിര്‍മിച്ച നെറ്റിപ്പട്ടങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ അവശ്യകാരും കൂടി. ആവശ്യക്കാര്‍ പറയുന്ന വലുപ്പത്തില്‍ ഇവര്‍ നെറ്റിപ്പട്ടം നിര്‍മ്മിച്ചു നല്‍കും. വ്യത്യസ്ത മതസ്ഥര്‍ക്ക് അവരുടെ ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തിയാണ് ഇവ നിര്‍മ്മിച്ചു നല്‍കുന്നത്. വലുപ്പമുള്ള നെറ്റിപ്പട്ടം ആണെങ്കില്‍ പരമാവധി ഒരാഴ്ച കൊണ്ട് തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിയും എന്ന് ഇവര്‍ പറയുന്നു. ഫാന്‍സി നെറ്റിപ്പട്ടങ്ങള്‍ ആണ് ഇപ്പോള്‍ ഇവര്‍ നിര്‍മിക്കുന്നത് എങ്കിലും ആരാധനാലയങ്ങളിലേക്ക് ആവശ്യമെങ്കില്‍ അതിനായുള്ള നെറ്റിപ്പട്ടങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനും ഇവര്‍ തയ്യാറാണ്. മക്കളുടെ ഈ സംരംഭത്തിന് ആര്‍ട്ടിസ്റ്റ് കൂടിയായ അനില്‍ കുമാറും അങ്കണവാടി ഹെല്‍പ്പറായ ശ്രീകലയും സഹായവും പിന്തുണയും ഒരുക്കി ഒപ്പം ഉണ്ട്.
നെറ്റിപ്പട്ട നിര്‍മാണത്തിലെ അടിസ്ഥാന നിയമങ്ങള്‍ പാലിച്ചാണ് ഇവര്‍ ഓരോ നെറ്റിപ്പട്ടവും നിര്‍മ്മിക്കുന്നത്. ഇതിലെ ഓരോ കുമികളകളും ഓരോ ദൈവങ്ങളെയാണ് സൂചിപ്പിക്കുന്നത് എന്ന് അശ്വതി പറയുന്നു. അതിനാല്‍ ഇത് കൃത്യമായ അടുക്കണം എന്നും മുത്തുകള്‍, കുമിളകള്‍, ചന്ദ്രക്കല, ഗണപതിമുദ്ര, തുണി, വിവിധ നിറങ്ങളിലുള്ള നൂലുകള്‍ എന്നിവ ഉപയോഗിച്ചാണ് നെറ്റിപ്പട്ടം നിര്‍മ്മിക്കുന്നത് എന്നും അശ്വതി പറഞ്ഞു. ഇതിലെ ചന്ദ്രക്കലയുടെ എണ്ണം ഇപ്പോഴും ഒറ്റസംഖ്യയായിരിക്കണം. അശ്വതിയുടെ ഭര്‍ത്താവ് ശ്രീജിത്തും ഭാര്യക്ക് പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. നെറ്റിപ്പട്ടം നിര്‍മ്മാണത്തിന് പുറമെ എംബ്രോയിഡറി, ഗിഫ്റ്റ് ഹാംബര്‍, ഡ്രീം ക്യാച്ചര്‍, ത്രീഡി മിനിയേച്ചര്‍ രൂപങ്ങള്‍, മെഹന്ദി വര്‍ക്കുകള്‍ എന്നിവയും ഇവര്‍ ചെയ്തു നല്‍കുന്നുണ്ട്. aswathya19962616@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ബന്ധപ്പെടാവുന്നതാണ്. kithoose craft എന്ന ഇന്‍സ്റ്റാഗ്രാം പേജിലും everyday laughs എന്ന യൂട്യൂബ് പേജിലും ഇവരുടെ വര്‍ക്കുകള്‍ ലഭ്യമാണ്.