Asianet News MalayalamAsianet News Malayalam

ബലാത്സംഗക്കേസിൽ സിദ്ദീഖിന് പിടിവീഴും; യുവനടിയുടെ പരാതിയിൽ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് പൊലീസ്

തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

Siddique sexual abuse case investigation team says strong evidence against Siddique kerala police collected crucial documents
Author
First Published Sep 22, 2024, 7:37 AM IST | Last Updated Sep 22, 2024, 7:39 AM IST

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി വരുന്നതിന് പിന്നാലെ തുടര്‍നടപടികളും കുറ്റപത്രവും നല്‍കാനാണ് തീരുമാനം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച ഒന്നായിരുന്നു അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. യുവനടിയാണ് പരാതി സിദ്ദീഖിനെതിരെ നല്‍കിയത്. 2016 ജനുവരി 28നാണ് സംഭവം നടക്കുന്നതെന്നായിരുന്നു യുവനടിയുടെ ആരോപണം. നിള തീയേറ്ററില്‍ സിനിമാ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി, ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഒന്നരമാസം നീണ്ട അന്വേഷണത്തിനിടെ പരാതിക്കാരിയുടെ മൊഴി ശരിവെക്കന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേകസംഘത്തിന് ലഭിച്ചത്.

101 ഡി നമ്പര്‍ മുറിയില്‍ വെച്ചാണ് പീഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഗ്ലാസ് ജനലിലിലെ കര്‍ട്ടന് മാറ്റി പുറത്തേക്ക് നോക്കിയാല്‍ സ്വിമ്മിംഗ് പൂള്‍ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിക്കൊപ്പം നടത്തിയ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിന് ഇക്കാര്യം സ്ഥരീകരിക്കാനായി. അച്ഛനും അമ്മയും ഒരു കൂട്ടുകാരിയും ചേര്‍ന്നാണ് തന്നെ ഹോട്ടലില് എത്തിച്ചതെന്ന മൊഴി മൂവരും ശരിവെച്ചു. ജനുവരി 27ന് രാത്രി 12 മണിക്ക് മുറിയെടുത്ത സിദ്ദീഖ് പിറ്റേന്ന് വൈകിട്ട് 5 മണിവരെ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു. ചോറും മീന് കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടല്‍ ബിലും അന്വേഷണ സംഘം കണ്ടെത്തി. പീഡനം നടന്ന് ഒരുവര്‍ഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസിന്‍റെ ചോദ്യം ചെയ്യലില് സുഹൃത്ത് ഇക്കാര്യം ശരിവെച്ചു

ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചത്. ലൈംഗിക പീഡനത്തിന് പിന്നാലെയുണ്ടായ മാനസിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് യുവതിക്ക് ആത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനല്‍ ഉള്‍പ്പെടെ ഹോട്ടല് മുറിയിലേതിന് സമാനമായ രംഗങ്ങള്‍ കാണുന്നത് മാനസിക വിഭ്രാന്തിക്ക് ഇടയാക്കി. തുടര്‍ന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സയില്‍ കഴിഞ്ഞു. രണ്ട് പേരും ഇക്കാര്യം ശരിവെച്ച് അന്വേഷണ സംഘത്തിന് മൊഴിനല്‍കുകയും ചെയ്തു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതൊടാപ്പം മസ്ക്കറ്റ് ഹോട്ടലിലെത്തിയപ്പോള്‍ യുവതി ഒപ്പിട്ട പഴയ സന്ദര്‍ശക രജിസ്റ്റര്‍ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.

Latest Videos
Follow Us:
Download App:
  • android
  • ios