ജലനിരപ്പ് ഉയർന്നു, ഷോളയാർ ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിർദ്ദേശം
ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുമെന്നാണ് മുന്നറിയിപ്പ്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷോളയാര്‍ ഡാം തുറക്കുന്നു. ജലനിരപ്പ് 2662.10 അടിയായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ നാളെ (20/10/2024) രാവിലെ 6 നും വൈകീട്ട് 6 നും ഇടയില്‍ ആവശ്യമായ മുന്നറിയിപ്പോടെ ഡാം തുറന്ന് ഘട്ടം ഘട്ടമായി 100 ക്യുമെക്‌സ് ജലം പൊരിങ്ങല്‍ക്കുത്ത് ഡാമിലൂടെ ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. ഷോളയാര്‍ ഡാമിലെ റേഡിയല്‍ ഗേറ്റുകള്‍ തുറക്കുന്നതുമൂലം പൊരിങ്ങള്‍ക്കുത്ത് ഡാമിലൂടെ അധികജലം ഒഴുകിവന്ന് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.