'പരിക്കേറ്റ ഉമ തോമസിനെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയി'; വേണം സുരക്ഷാ സാക്ഷരതയെന്ന് മുരളി തുമ്മാരുകുടി

അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവാക്കാവുന്നതാണ്. സമൂഹത്തിൽ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞെന്ന് മുരളി തുമ്മാരുകുടി.

shocked to see the way injured Uma Thomas is taken to hospital security literacy is needed says Muralee Thummarukudy

തിരുവനന്തപുരം: അപകടത്തിൽ പെട്ട ഉമ തോമസ് എംഎൽഎയെ കൈകാര്യം ചെയ്ത രീതി കണ്ട് നടുങ്ങിപ്പോയെന്ന് ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറിൽ വേണം എടുത്തുകൊണ്ടുപോകാൻ. എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകൾ പൊക്കിയെടുത്തുകൊണ്ടുപോകുന്നത് പരിക്കിന്‍റെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പരിക്കേറ്റവരെ തൂക്കിയെടുത്ത് കിട്ടുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നോക്കുന്നതെന്നും മുരളി തുമ്മാരുകുടി കുറിച്ചു. 

പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ കാർ പാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കാറുണ്ട്. എന്നാൽ പ്രഥമ ശുശ്രൂഷയിൽ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല. ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്. അതിൽ പലമടങ്ങ് ആളുകൾ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവാക്കാവുന്നതാണ്. നമ്മുടെ സമൂഹത്തിൽ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.

കുറിപ്പിന്‍റെ പൂർണരൂപം

കലൂരിലെ നൃത്തപരിപാടിക്കിടയിൽ സ്റ്റേജിൽ നിന്നും ശ്രീമതി ഉമാ തോമസ് വീണ സാഹചര്യം ശ്രദ്ധിക്കുന്നു. ഗുരുതരമായ അപകടമാണെങ്കിലും ശ്രീമതി ഉമാ തോമസ് അപകടനില ഏറ്റവും വേഗത്തിൽ തരണം ചെയ്യട്ടേ എന്നും പൂർണ്ണാരോഗ്യം വീണ്ടെടുക്കട്ടെ എന്നും ആശിക്കുന്നു. പക്ഷെ പരിപാടിയുടെ സുരക്ഷാനിലവാരം കണ്ട് കഷ്ടം തോന്നുന്നു.

ഗാലറികൾക്ക് മുകളിൽ, ഗ്രൗണ്ടിൽ നിന്നും ഏറെ ഉയരത്തിൽ തികച്ചും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജ്. അതിൽനിന്നും താഴെ വീഴുന്നത് തടയാൻ വേണ്ട സംവിധാനങ്ങൾ ഇല്ല. കേട്ടിടത്തോളം ആദ്യം പ്ലാൻ ചെയ്തതിലും ഇരട്ടി ആളുകൾ സ്റ്റേജിലേക്ക് എത്തി. സ്റ്റേജ് മൊത്തമായി തകർന്നു വീഴാത്തത് ഭാഗ്യം.

അപകടം ഉണ്ടായത് വളരെ അരക്ഷിതമായ സാഹചര്യം കൊണ്ടാണെങ്കിലും അപകടത്തിൽ പെട്ട ആളെ കൈകാര്യം ചെയ്ത രീതി കണ്ടു പിന്നെയും നടുങ്ങി. നട്ടെല്ലിനും കഴുത്തിനും ഒക്കെ പരിക്കേറ്റിരിക്കാൻ സാധ്യതയുള്ള ഒരാളെ ഉറപ്പുള്ള ഒരു സ്ട്രെച്ചറിൽ വേണം എടുത്തുകൊണ്ടുപോകാൻ. അങ്ങനെയുള്ള ഒരാളെ എന്ത് ആത്മാർത്ഥത കൊണ്ടാണെങ്കിലും കുറച്ചാളുകൾ പൊക്കിയെടുത്തു കൊണ്ടുപോകുന്നത് പരിക്കിൻറെ ആഘാതം വർദ്ധിപ്പിക്കുകയേ ഉള്ളൂ. എത്രയും വേഗം പ്രൊഫഷണലായ ഒരു രക്ഷാപ്രവർത്തനം ലഭ്യമാകും എന്ന വിശ്വാസം സമൂഹത്തിൽ ഇല്ലാത്തതുകൊണ്ടാണ് ആളുകൾ പരിക്കേറ്റവരെ തുക്കിയെടുത്ത് കിട്ടുന്ന വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ നോക്കുന്നത്.

പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിപാടികളിൽ കാർപാർക്കിംഗിനു വേണ്ടിപ്പോലും ഡസൻ കണക്കിന് ആളുകളെ നിയമിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ പ്രഥമ ശുശ്രൂഷയിൽ പരിശീലനമുള്ള നാല് പേരോ അത്യാവശ്യമായ പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളോ ഒരിടത്തും കാണാറില്ല. ഒരു വർഷം പതിനായിരം ആളുകളാണ് അപകടങ്ങളിൽ മരിക്കുന്നത്. അതിൽ പലമടങ്ങ് ആളുകൾ ജീവിതകാലം മുഴുവൻ മാനസികവും ശാരീരികവുമായ വെല്ലുവിളികളോടെ ജീവിക്കുന്നു. ഈ അപകടങ്ങളും അപകടത്തിനു ശേഷമുള്ള പരിക്കുകളും മിക്കവാറും ഒഴിവാക്കാവുന്നതാണ്. നമ്മുടെ സമൂഹത്തിൽ ഒരു സുരക്ഷാ സാക്ഷരതാ പദ്ധതിയുടെ സമയം അതിക്രമിച്ചു കഴിഞ്ഞു.

ഉമ തോമസിൻ്റെ അപകടം: സംഘാടകരുടെ ഭാഗത്ത് ഗുരുതര വീഴ്ച, ഉപയോഗിച്ചത് ദുർബലമായ ക്യൂ ബാരിയർ; കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios