കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറെന്ന് ശോഭാ സുരേന്ദ്രൻ, കടകംപള്ളിക്കെതിരായ മത്സരം വിശ്വാസികൾക്ക് വേണ്ടി
കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂരിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ശോഭ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന ശോഭയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ ഇടപെടൽ മൂലം മത്സരിക്കാനായേക്കും എന്നാണ് സൂചന.
കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂരിൽ വച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ ശോഭ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഏറ്റവും കൂടുതൽ ചർച്ചയാവുന്ന മണ്ഡലം കൂടിയായിരിക്കും കഴക്കൂട്ടം. ദേവസ്വം മന്ത്രിക്കെതിരായ ഈ മത്സരം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ഒരുപാട് പേർ തന്നോട് ആവശ്യപ്പെട്ടിരുന്നു. താൻ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രൻ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാൻ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.