'ലൈവ് ഇട്ട് വ്യൂസ് നോക്കി'; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മറുപടി
'അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്'.
കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും കുടുംബം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മനാഫിന്‍റെ സഹോദരനും ലോറി ഉടമയായ മുബീൻ ആത്മാർത്ഥതയോടെ കൂടെ നിന്നു. മുബീനോട് മാനസികമായി അടുപ്പം ഉള്ളത് കൊണ്ടാണ് ഇതു വരെ മനാഫിനെ തള്ളിപറയാതിരുന്നത്. എന്നാൽ മനാഫിന്‍റെ പ്രവൃത്തികൾ തങ്ങളെ മാനസികമായി തളർത്തുന്നതാണെന്ന് കുടുംബം കുറ്റപ്പെടുത്തി.
പിന്നീട് ഇവര്‍ അവിടെനിന്നുള്ള വീഡിയോകള്‍ നിരന്തരമായി മനാഫിന്‍റെ 'ലോറി ഉടമ മനാഫ്' എന്ന യുട്യൂബ് ചാനലിലിടുന്നുണ്ട്. 'അവര്‍ അവിടുന്ന് വീഡിയോ എടുക്കുകയാണ്. എന്നിട്ട് അവര്‍ തമ്മില്‍ 600 പേര് കാണുന്നുണ്ട്, 700 പേര് കാണുന്നുണ്ട്, അടിപൊളിയാണ്, സൂപ്പറാണ് എന്നൊക്കെയാണ് സംസാരിക്കുന്നത്. അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ ചെയ്യില്ലായിരുന്നു.. അര്‍ജുന്റെ ലോറി ഉയര്‍ത്തുന്നതും അവിടെ നടക്കുന്ന മറ്റു സംഭവങ്ങളുമെല്ലാം ഇവര്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നു. അതിന് മാധ്യമങ്ങളില്ലേ- അർജുന്‍റെ സഹോദരീ ഭർത്താവ് ജിതിൻ ചോദിച്ചു.
തങ്ങൾക്കെതിരെ വരുന്നത് നെഗറ്റീവ് കമന്‍റ് മാത്രംമാണ്. എല്ലാവരുടെയും സഹായത്തോടെ ആണ് അർജുനെ കേരളത്തിലേക്ക് കൊണ്ടു വന്നത്. ഇപ്പോൾ യൂട്യൂബ് ചാനലിൽ വന്നു പറയുന്നതിൽ 75 ശതമാനവും കള്ളത്തരമാണ്. ദാരിദ്രം പറഞ്ഞ് പലരും വരുന്നുണ്ട്. 2000 രൂപ തന്ന് സഹായിക്കുന്നുവെന്ന് പറഞ്ഞ് യൂട്യൂബിലും മറ്റും അപ്ലോഡ് ചെയ്യുന്നവരുണ്ട്. ഇതൊക്കെ വളരെ മോശമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കുടുംബം പറയുന്നു.
എനന്നാൽ എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്നായിരുന്നു മനാഫിന്‍റെ പ്രതികരണം. യൂട്യൂബ് ചാനൽ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരിൽ എത്തിയ ശേഷമാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. അർജുനെ കിട്ടും വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി യൂട്യൂബ് ചാനൽ ഉഷാറാക്കും. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. അമ്മയെ അഭിമുഖം ചെയ്തിട്ടില്ല. യൂട്യൂബ് ചാനൽ നോക്കിയാൽ അത് മനസ്സിലാകുമെന്നും മനാഫ് പറഞ്ഞു.