Asianet News MalayalamAsianet News Malayalam

8 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം ജോലി, മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്തശിക്ഷ; പാർലമെന്‍റിൽ ഉന്നയിക്കുമെന്ന് തരൂർ

അന്നയുടെ അച്ഛൻ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നുവെന്ന് ശശി തരൂർ

Shashi Tharoor MP to raise 40-hour work 8 hours a day five days a week legislation in Parliament
Author
First Published Sep 21, 2024, 2:12 PM IST | Last Updated Sep 21, 2024, 2:23 PM IST

തിരുവനന്തപുരം: ആഴ്ചയിൽ 40 മണിക്കൂർ ജോലി എന്ന നിർദേശവുമായി ശശി തരൂർ എംപി. ദിവസം എട്ട് മണിക്കൂർ വീതം ആഴ്ചയിൽ അഞ്ച് ദിവസം ജോലി എന്ന നിർദേശമാണ് ശശി തരൂർ മുന്നോട്ടുവെയ്ക്കുന്നത്. ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്‍റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജോലി സമ്മർദ്ദം മൂലം മരിച്ചതിനെ കുറിച്ചാണ് തരൂരിന്‍റെ പ്രതികരണം. 

അന്നയുടെ അച്ഛൻ സിബി ജോസഫുമായുള്ള സംഭാഷണം ഹൃദയഭേദകമായിരുന്നുവെന്ന് ശശി തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദിവസേന 14 മണിക്കൂർ വീതം നാല് മാസം തുടർച്ചയായി സമ്മർദം നിറഞ്ഞ ജോലിക്ക് പിന്നാലെയാണ് അന്നയുടെ മരണം. സ്വകാര്യ മേഖലയിലായാലും പൊതുമേഖലയിലായാലും എല്ലാ തൊഴിലിടങ്ങളിലും നിശ്ചിത സമയ ജോലി സംബന്ധിച്ച് നിയമനിർമാണം നടത്തണമെന്നും ഇക്കാര്യം പാർലമെന്‍റിൽ ഉന്നയിക്കണമെന്നും അന്നയുടെ അച്ഛൻ ആവശ്യപ്പെട്ടതായും താൻ  സമ്മതിച്ചതായും ശശി തരൂർ പറഞ്ഞു. ആഴ്ചയിൽ അഞ്ച് ദിവസം എട്ട് മണിക്കൂർ കവിയാത്ത ജോലി സമയം എന്ന നിർദേശമാണ് അന്നയുടെ അച്ഛൻ മുന്നോട്ട് വെച്ചത്. 

ജോലിസ്ഥലത്തെ മനുഷ്യത്വമില്ലായ്മയ്ക്ക് കടുത്ത ശിക്ഷയും പിഴയും നൽകാൻ നിയമനിർമ്മാണം നടത്തണമെന്നും അന്നയുടെ അച്ഛൻ ആവശ്യപ്പെട്ടു. പാർലമെന്‍റിന്‍റെ അടുത്ത സമ്മേളനത്തിൽ ആദ്യ അവസരത്തിൽ തന്നെ ഇക്കാര്യം ഉന്നയിക്കുമെന്ന് ശശി തരൂർ വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നത്. മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമ നടപടികളിലേക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

അതിനിടെ ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി സ്ഥാപനത്തിലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്തുവന്നു. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലാണ് പുറത്തായത്. തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവമാണെന്ന് ജീവനക്കാരിയുടെ ഇമെയിലിൽ പറയുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകാറുണ്ട്. ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്ന് ജീവനക്കാരി ആവശ്യപ്പെട്ടു. 

ബിരുദ തല പരീക്ഷയ്ക്ക് 2 ദിവസത്തെ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്, നടപടി ചോദ്യപേപ്പർ ചോർച്ച തടയാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios