സംഗതി കളറായി, പക്ഷേ ചില്ലറ പുകിലല്ല ഉണ്ടായത്; 'സിനിമ അഭിനയത്തിൽ' തീർപ്പ് കൽപ്പിച്ച് ശശി തരൂർ, ഇനി സംശയം വേണ്ട
സിനിമയിലഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യം കൊണ്ട് പൊറുതിമുട്ടിയെന്നും അങ്ങനെയൊരു സംഭവമേയില്ലെന്നും തരൂർ വിവരിച്ചു
തിരുവനന്തപുരം: ഏപ്രിൽ ഒന്നിന് മറ്റുള്ളവരെ ഫൂളാക്കുന്ന ഏർപ്പാട് നാട്ടിൽ ഇന്നും ആഘോഷപൂർവ്വം പലരും കൊണ്ടാറാടുണ്ട്. എന്നാൽ 'ഏപ്രിൽ ഫൂൾ' ദിവസം കഴിഞ്ഞിട്ടും സംഭവം വിവരിച്ചിട്ടും അത് ചോദ്യമായി അവശേഷിച്ചാൽ എന്തുചെയ്യും. തിരുവനന്തപുരം എം പി ശശി തരൂറിനോട് (Shashi Tharoor) ചോദിച്ചാൽ കൃത്യം ഉത്തരം കിട്ടും. ബോളിവുഡ് തിരക്കഥാകൃത്ത് വൈഭവ് വിശാൽ ഏപ്രിൽ ഒന്നിനിട്ട പോസ്റ്റുമായി ബന്ധപ്പെട്ട പുകിൽ ഇനിയും തരൂറിനെ വിട്ടുപോയിട്ടില്ല.
തരൂർ ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്നായിരുന്നു ഏപ്രിൽ ഫൂൾ ദിവസം വൈഭവ് വിശാൽ ട്വീറ്റ് ചെയ്തത്. 'ശശി തരൂർ ഇത്രനാൾ രഹസ്യമായി സൂക്ഷിച്ച കാര്യം താൻ പുറത്ത് വിടുന്നുവെന്നു എന്ന് പറഞ്ഞായിരുന്നു ട്വിറ്റ്. അന്താസ് അപ്നാ അപ്നാ എന്ന സിനിമയിൽ തരൂർ അഭിനയിച്ചിട്ടില്ല. എന്നാൽ അദ്ദേഹം ബാലതാരമായി ഒൻപത് ഹിന്ദി മലയാളം സിനിമകളിൽ എത്തിയിട്ടുണ്ട്. മാസ്റ്റർ ഗ്യാൻ എന്നായിരുന്നു വെള്ളിത്തിരയിലെ പേര്' അന്താസ് അപ്ന അപ്നയിലെ ചിത്രവും പങ്ക് വച്ച് ഇത് പറയാൻ ശരിയായ ദിവസമെന്ന് വ്യക്തമാക്കിയായിരുന്നു ഏപ്രിൽ ഒന്നിലെ വൈഭവിന്റെ പോസ്റ്റ്.
ഇതുവരെ രഹസ്യമായി വച്ചിരുന്ന കാര്യമാണിതെന്ന് വ്യക്തമാക്കി ശശി തരൂർ റീ ട്വിറ്റ് ചെയ്തത് രംഗത്തെത്തിയതോടെ അന്നത്തെ ദിവസം സംഗതി കളറായി. തരൂർ സിനിമാ നടനുമായിരുന്നോ എന്ന ചർച്ചകൾ എങ്ങും ചൂട് പിടിച്ചു. ചർച്ച സീരിയസായി തുടങ്ങിയതോടെ അപകടം മണത്ത വൈഭവ് വിശാൽ തന്നെ സത്യം പുറത്ത് വിട്ടു. സുഹൃത്തുക്കളെ ഏപ്രിൽ ഫൂളായിരുന്നു അത്. രാഷ്ട്രീയത്തിലെ നടൻ മാത്രമാണ് ശശി തരൂർ. സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടേയില്ല. പക്ഷെ അറിവിന്റെ മാസ്റ്ററാണ് അതായത് മാസ്റ്റർ ഗ്യാൻ ആണ് അദ്ദേഹമെന്നും വൈഭവ് വിവരിച്ചു.
എന്നാൽ ദിവസം രണ്ട് കഴിഞ്ഞിട്ടും തരൂറിന് പുകിലൊഴിഞ്ഞിട്ടില്ല. ബാലതാരമായിരുന്നുവെന്ന ട്വീറ്റ് ഏപ്രിൽ ഫൂളാണെന്ന് വിശിദീകരിച്ചിട്ടും ആളുകളുടെ സംശയം മാറിയില്ലെന്നാണ് തരൂർ പറയുന്നത്. സിനിമയിലഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യം കൊണ്ട് പൊറുതിമുട്ടിയെന്നും അങ്ങനെയൊരു സംഭവമേയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു. ഇതോടെ സിനിമ അഭിനയ സംശയങ്ങൾ അവസാനിക്കുമെന്നാണ് തിരുവനന്തപുരം എം പിയുടെ പ്രതീക്ഷ.
ശശി തരൂറിന് പറയാനുള്ളത്: വിഡിയോ കാണാം