എലത്തൂർ ട്രെയിൻ തീവെപ്പ്: ഷാറൂഖ് ദില്ലിയിൽ നിന്ന് പുറപ്പെട്ടത് ഒറ്റയ്ക്ക്, പ്രതിക്കുള്ളത് ഒരു ബാങ്ക് അക്കൗണ്ട്
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു
കോഴിക്കോട്: എലത്തൂർ തീവണ്ടി തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്തത് ഒറ്റയ്ക്കായിരുന്നുവെന്ന് വ്യക്തമായി. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഷാറൂഖിന് സ്വന്തമായുള്ളത് ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ട് മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് റിമാന്റ് റിപ്പോര്‍ട്ടിൽ പറയുന്നു. മൂന്ന് പേരുടെ മരണത്തിന് പിന്നിലും ഷാറൂഖെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ പറയുന്നു. പ്രതിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും.
ഷാറൂഖ് സെയ്ഫി ദില്ലിയിൽ നിന്ന് കയറിയ സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് ട്രെയിന്‍ നിര്‍ത്തിയ 15 സ്‌റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. യാത്രക്കിടെ ആരെങ്കിലും നേരിട്ട് ഷാറൂഖിനെ ബന്ധപ്പെട്ടതായുള്ള ശാസ്ത്രീയ തെളിവുകള്‍ക്കായാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. ദില്ലിക്കും ഷൊര്‍ണൂരിനുമിടയില്‍ 15 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്. വഡോദര ഒഴികെ മറ്റു സ്‌റ്റേഷനുകളിലെല്ലാം എട്ടു മിനിറ്റില്‍ താഴെ മാത്രമേ ട്രെയിന്‍ നിര്‍ത്താറുള്ളൂ. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ചെലവഴിച്ച സ്‌റ്റേഷനുകളില്‍ വിശദമായ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഷാറൂഖ് കയറിയ കോച്ചുകളില്‍ സഞ്ചരിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ട്രെയിനില്‍ തുടര്‍ച്ചയായി യാത്ര ചെയ്യുന്നതിനിടെ ഷാറൂഖ് ഏതെങ്കിലും റെയില്‍വേ സ്‌റ്റേഷനിലെത്തുമ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ടാകാം. ഈ സമയം ഷാറൂഖിനെ ആരെങ്കിലും അനുഗമിക്കുന്നുണ്ടോയെന്നും ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാവുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
കേസിൽ ദില്ലിയിലുള്ള കേരള പൊലീസ് അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ്. ആറ് കേരളാ പൊലീസ് ഉദ്യോഗസ്ഥർ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. നിലവിൽ ഷാറൂഖ് സെയ്ഫിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടാതെ ഷാറൂഖ് കേരള പൊലീസിന് നൽകിയ മൊഴിയിൽ ദില്ലിയിലെ പ്രതിയുടെ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ ശരിയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീൻ ബാഗിലെ വീട്ടിൽ കേരള പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. രാവിലെ ദില്ലിയിൽ എത്തിയ ക്രൈം ബ്രാഞ്ച് എസ്‌പി എംജെ സോജൻ ഷാറൂഖിന്റെ വീട്ടുകാരുടെ മൊഴി എടുത്തു. പിതാവിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അയൽക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴി എടുത്തു. മൂന്നര മണിക്കൂറോളം ഷഹീൻ ബാഗിൽ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.
ഷാറൂഖിന് നിരോധിത സംഘടനയുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടി. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ സംഘാംഗങ്ങൾ ദില്ലിയിൽ യോഗം ചേർന്നിരുന്നു. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് വിവരം.