ഷാജഹാൻ കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് ഇതുവരെയും പറയാതെ മുഖ്യമന്ത്രി! നാല് നാളിൽ സംഭവിച്ചതെന്തൊക്ക?
രാഷ്ട്രീയക്കൊലയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുപിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്
സ്വാതന്ത്ര്യപുലരിയിലേക്ക് ആഘോഷത്തോടെ നാടിനെ വരവേൽക്കാൽ എല്ലാ ഇന്ത്യക്കാരനെയും പോലെ കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനും ആഗ്രഹിച്ചിട്ടുണ്ട്. രാത്രി ഒപ്പമുണ്ടായിരുന്നപ്പോൾ ഷാജഹാൻ അക്കാര്യ പറഞ്ഞിരുന്നതായി സുഹൃത്ത് സുരേഷ് വെളിപ്പെടുത്തിയിട്ടുമുണ്ട്. പതാക ഉയർത്തുന്ന കാര്യവും കുട്ടികൾക്ക് മധുരം നൽകേണ്ട കാര്യവും അദ്ദേഹം പ്രത്യേകം ഓർത്തിരുന്നു. പക്ഷേ, സ്വാതന്ത്ര്യ പുലരിക്ക് രണ്ട് രണ്ട് മണിക്കൂറും 15 മിനുറ്റും ബാക്കി ഉള്ളപ്പോഴാണ് കൊലയാളികൾ ഷാജഹാനെ വെട്ടിക്കൊന്നത്. ജീവനെടുക്കുക എന്ന കൃത്യമായ ലക്ഷ്യം പ്രതികൾക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. ആക്രമണത്തിന്‍റെ രീതി നിരൂപിച്ചായിരുന്നു അന്വേഷണ സംഘത്തിന്‍റെ നിരൂപണം.
കൊലയുടെ രീതി
ആദ്യം വെട്ടിയത് കാലിന്. ഷാജഹാൻ ഓടി രക്ഷപ്പെടരുത് എന്നതായിരുന്നു കൊലയാളികളുടെ ഉദ്ദേശം എന്ന് വ്യക്തം. രണ്ടാംവെട്ട് കയ്യിലായിരുന്നു. തിരിച്ച് ആക്രമിക്കാൻ കഴിയരുത് എന്നതായിരുന്നു ലക്ഷ്യം. കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്. പത്തുതവണ വെട്ടേറ്റതിന്‍റെ പാടുകൾ ഉണ്ടെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട് പറയുന്നത്. കുന്നങ്കാട് സ്വദേശികളായ ശബരീഷ് , അനീഷ് , സുജീഷ് എന്നിവരാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. മറ്റുപ്രതികളായ വിഷ്ണു , സുനീഷ് , ശിവരാജൻ , സതീഷ് എന്നിവർ കൊലപാതകം നടന്ന സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രക്ഷപ്പെടുത്താനോ, തടയാനോ ഒരാളും എത്താതിരിക്കാനുള്ള കവചമായിരുന്നു അത്.
ആവർത്തിച്ചാവർത്തിച്ച് ഷാജഹാനെ വെട്ടാൻ തുനിഞ്ഞപ്പോൾ, സുഹൃത്തും ദൃക്സാക്ഷിയുമായി സുരേഷ് ഷാജഹാന്‍റെ ദേഹത്ത് കിടന്ന് പ്രതിരോധിച്ചു. സുരേഷിന് നേരെ പ്രതികൾ വാളോങ്ങിയപ്പോഴാണ്, പ്രതികളിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞത്
എന്‍റെ അച്ഛനാണ് വെട്ടരുത് എന്നാണ്.!!! പ്രതിയുടെ പേര് സുജീഷ്. പക്ഷേ, ഷാജഹാൻ രക്ഷപ്പെടില്ല എന്നുറപ്പായപ്പോഴാണ് പ്രതികൾ ഓടി രക്ഷപ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവനറ്റുപോയിരുന്നു. ഉറ്റസുഹൃത്തും ദൃക്സാക്ഷിയുമായ സുരേഷിന്‍റെ ഭാഷയിൽ പറഞ്ഞാൽ. 'അവൻ തണുത്ത് പോയിരുന്നു!'.
കൊലയ്ക്ക് കാരണം: പൊലീസ് കണ്ടെത്തലുകൾ
പ്രതികൾക്കു ഷാജഹാനോട് വ്യക്തിവിരോധം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഷാജഹാൻ 2019 ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളിൽ പ്രതികൾക്ക് അതൃപ്തിയും എതിർപ്പുമുണ്ടായി. ആദ്യം പാർട്ടിയുമായി പ്രതികൾ അകന്നു, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നു. അകൽച്ച കൂടിക്കൂടി ശത്രുത ഉടലെടുത്തു. പ്രതികൾ രാഖി കെട്ടിയതിനെ ചൊല്ലിയും ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും അടുത്ത കാലത്ത് തർക്കമുണ്ടായി. ഓഗസ്റ്റ് പതിനാലിനു പകലും ഒന്നാം പ്രതി നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടെന്നുള്ള പ്രകോപനം എന്നാണ് പാലക്കാട് എസ് പി ആർ. വിശ്വനാഥ് ഒടുവിൽ മാധ്യമങ്ങളെ കണ്ടപ്പോൾ അറിയിച്ചത്. ഓരോ പ്രതികൾക്കും ഓരോ കാരണം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി. കൊലപാതകത്തിന്‍റെ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ ആണെന്നാണ് പൊലീസിന്‍റെ ഒടുവിലത്തെ നിഗമനം. എട്ടുപേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. മൂന്നുപേർ കൂടി കസ്റ്റഡിയിൽ ഉണ്ട്. അറസ്റ്റ് വൈകാതെ ഉണ്ടായേക്കും.
അന്വേഷണത്തിന് 20 അംഗ സംഘം
പാലക്കാട് ഡിവൈഎസ്പി വി കെ രാജുവിന്‍റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് ഷാജഹാൻ കൊലക്കേസ് അന്വേഷിക്കുന്നത്. നാല് ഇൻസ്പെക്ടർമാർ പ്രത്യേക സംഘത്തിലുണ്ട്. മലമ്പുഴ, ഹേമംബിക നഗർ, ചിറ്റൂർ, മങ്കര എസ്എച്ചൊമാരാണ് സംഘത്തിലുണ്ട്.
മൂന്ന് സബ് ഇൻസ്പെക്ടർമാരും അന്വേഷണ സംഘത്തിലുണ്ട്.
പ്രതികളുടെ രക്ഷപ്പെടൽ, ഒളിവ് ജീവിതം, തെളിവെടുപ്പ്
അറസ്റ്റിലായ എട്ടുപേരിൽ നവീൻ ഒഴികെ ഏഴുപേരും ഒളിച്ചിരുന്നത് മലമ്പുഴ കവയിലെ കോഴിമലയിൽ ആണ്. കൊലയ്ക്ക് ശേഷം പ്രതികൾ ആയുധങ്ങളുമായി രണ്ടിടങ്ങളിലേക്ക് ഓടിമറഞ്ഞത്. ഒരുസംഘം കോരയാർ പുഴ മുറിച്ചു കടന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കുറച്ചു നേരം വിശ്രമിച്ചു. നവീന് ഒപ്പം മറ്റൊരു സംഘം ചന്ദ്രനഗറിലെ ബാറിലെത്തി, മദ്യപിക്കുകയും മദ്യം പാഴ്സലായി വാങ്ങുകയും ചെയ്തിരുന്നു. ഇവരും കോരയാർ പുഴ മുറിച്ചു കടന്ന പ്രതികൾ വിശ്രമിച്ച കുനിപ്പുള്ളി വിളയിൽപ്പൊറ്റയിലെ വയലിൽ ഇരുന്നാണ് ഒളിയിടത്തെ കുറിച്ച് ചർച്ച ചെയ്തത്. അവിടെ നിന്നുമാണ് അധികം ദൂരത്തല്ലാത്ത മലമ്പുഴ കവയിലെ കോഴിമലയിലെ ചെരിവ് ഒളിത്താവണം ആക്കാൻ തീരുമാനിച്ചത്. ഏറെ ദൂരം നടന്ന് 300 മീറ്ററോളം കുത്തനെ മലകയറി, ഓഗസ്റ്റ് 15ന് പുലർച്ചെ മൂന്ന് മണിയോടെ ആണ് പ്രതികൾ ഒളികേന്ദ്രത്തിൽ എത്തിയത്.
ഷാജഹാൻ കൊലക്കേസ്: നാല് പേര്‍ക്കൂടി അറസ്റ്റിൽ; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
പാറക്കൂട്ടമടക്കം താണ്ടി, പ്രതികൾ ഒളിച്ചിരിക്കാൻ കണ്ടെത്തിയ സ്ഥലം വനപാലകർക്ക് പോലും എളുപ്പത്തിൽ എത്തിച്ചേരൽ ശ്രമകരമാണ്. പ്രതികളെ ഇവിടെ എത്തിച്ച് പൊലീസ് നിർണായക തെളിവുകൾ ശേഖരിച്ചു.. പ്രതികൾ കയ്യിൽ കെട്ടിയിരുന്ന രാഖികൾ പൊട്ടിച്ചു കളഞ്ഞ നിലയിൽ ഇവിടെ നിന്ന് കണ്ടെടുത്തു. കോഴിമലയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ സംഘം നേരെ പോയത് കോരയാർ തീരത്തേക്ക്. വിളയിൽ പൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ശബരീഷ്, അനീഷ്, സുജീഷ് , എന്നിവർ ഷാജഹാനെ ആക്രമിക്കാൻ ഉപയോഗിച്ച വാളുകൾ കണ്ടെടുത്തു. ഇവിടെ നിന്നും പ്രതികൾ പൊട്ടിച്ചു കളഞ്ഞതെന്ന് സംശയിക്കുന്ന രാഖികൾ കണ്ടെടുത്തു. തൊട്ടുപിന്നാലെ പോയത് കൊലപാതകം നടന്ന കുന്നങ്കാട് ജംക്ഷനിലേക്ക്. കനത്ത പൊലീസ് കാവലിൽ ആയിരുന്നു തെളിവെടുപ്പ്. പ്രതികളെ വണ്ടിയിൽ നിന്ന് ഇറക്കിയതോടെ, നാട്ടുകാരുടെ രോഷ പ്രകടനമുണ്ടായി. മുദ്രാവാക്യം വിളിച്ചും അസഭ്യം പറഞ്ഞും നാട്ടുകാര്‍ പ്രതികള്‍ക്കെതിരെ ആക്രോശിച്ചു. ഷാജഹാന്‍റെ കൊലയാളികളെ കണ്ടതോടെ, ഉറ്റവരായ സ്ത്രീകള്‍ കരഞ്ഞു ബഹളം വച്ചു. നവീനെ സ്ഥലത്തെത്തിച്ചാല്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് തെളിവെടുപ്പ് ആദ്യ ദിവസം പൊലീസ് ഒഴിവാക്കിയരുന്നു. പ്രതികള്‍ ആയുധം സൂക്ഷിച്ചിരുന്ന വീട്ടിലും വസ്ത്രം ഉപേക്ഷിച്ച സ്ഥലത്ത് എത്തിച്ചും പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കല്ലേപ്പുള്ളിയിലെ കോഴിക്കടയിൽ നിന്നാണ് കൊലപ്പെടുത്താൽ ആയുധമെത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഒടുവിൽ അറസ്റ്റിലായവരുമായുള്ള തെളിവെടുപ്പ് ബാക്കിയായത്.
നാട് സ്വാതന്ത്ര്യത്തിന്‍റെ അമൃത് നുകരുമ്പോൾ, ചോരവീണ രാത്രിയായിരുന്നു ഓഗസ്റ്റ് പതിനാല് പാലക്കാടിന്. താരതമ്യേനെ പൊലീസ് മൊബിലൈസിങ് കൂടുതലുള്ള നഗരം. 9:15ന് കൊലപാതകത്തിന് ശേഷം മൂന്ന് പ്രതികൾ കുന്നങ്കാട് നിന്ന് ഉദ്ദേശം ഏഴുകിലോമീറ്റർ അകലെയുള്ള ചന്ദ്രനഗറിലെ ബാറിൽ എത്തിയിരുന്നു. ബാറിലെ സിസിടിവിയിൽ സമയം കാണിക്കുന്നത് രാത്രി 9:50. അവിടെ നിന്ന് മദ്യം വാങ്ങുകയും കുടിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട് 10:20ഓടെയാണ് പ്രതികൾ ഇവിടെ നിന്നും മടങ്ങിയത്.
കൊലപാതകത്തിലെ രാഷ്ട്രീയം തെരയൽ
ബ്രാഞ്ച് സെക്രട്ടറി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോൾ മരുതറോഡ് പഞ്ചായത്ത് പ്രസിഡന്‍റും മലമ്പുഴ എംഎൽഎ എ പ്രഭാകരനും
പിന്നിൽ ആർഎസ്എസ് ബന്ധമുണ്ടെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ, അർധരാത്രിയോടെ മൃതദേഹം സൂക്ഷിച്ച പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിയ എ കെ ബാലനും എൻ എൻ കൃഷ്ദാസും അത് ഏറ്റുപിടിച്ചില്ല. പൊലീസ് കുറ്റവാളികളെ കണ്ടെത്തി പറയട്ടെ എന്നായിരിന്നു ഭാഷ്യം. പിറ്റേന്ന് രാവിലെ ദൃക്സാക്ഷി സുരേഷ് ഷാജഹാനെ വെട്ടിയത് പഴയപാർട്ടിക്കാർ എന്ന് പറഞ്ഞു. ഇതേ സമയം ബിജെപി പ്രതികളുടെ സാമൂഹിക മാധ്യമ പോസ്റ്റുകളിലെ സിപിഎം അനുകൂല ഉള്ളടക്കം വ്യാപകമായി പ്രചരിപ്പിച്ചു. ഉൾപ്പാട്ടിപ്പോര് കൊലയിൽ കലാശിച്ചു എന്നാരോപിച്ചു. ഇതോടെ സിപിഎം പ്രതിരോധത്തിലായി. ഓഗസ്റ്റ് 15ന് ഉച്ചയോടെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ ൻ സുരേഷ് ബാബു ഇത് രാഷ്ട്രീയക്കൊലയാണെന്നും പിന്നിൽ ആർഎസ്എസ് ആണെന്നും തുറന്നടിച്ചു. എന്നാൽ സിപിഎം തെളിവ് കൊണ്ടുവരട്ടെ എന്നായിരുന്നു ബിജെപി വെല്ലുവിളി. കൊലയാളികളുടെ പേരും വിലാസവും ഉറപ്പിക്കുമ്പോഴും അവരുടെ രാഷ്ട്രീയത്തെ ചൊല്ലി വൻ പോരുണ്ടായി. അതിൽ ചില ചോദ്യങ്ങളും മുഴച്ചു നിന്നു.
ഒന്നാംപ്രതി നവീന്‍റെ സാമൂഹിക മാധ്യമ പോസ്റ്റിന്‍റെ ഉള്ളടക്കം മുഴുവൻ സിപിഎം അനുകൂലമാണ്, അതെങ്ങനെ ? കോടിയേരിയും വി എസും പാർട്ടി നേതാക്കളും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ എന്തുകൊണ്ട് ? പാർട്ടി കോൺഗ്രസ് നഗരയിൽ അടക്കം എത്തിയ ചിത്രങ്ങൾ അവഗണിക്കണോ ? സിപിഎം പറയുന്നത് പോലെ ഇവർ ആർഎസ്എസ് എങ്കിൽ ഇങ്ങനെ ചെയ്യുമോ ? ടിപികൊലക്കേസ് പ്രതി ഷാഫിക്ക് ഒപ്പമുള്ള നവീന്‍റെ ചിത്രത്തിൽ രാഷ്ട്രീയനിറം വ്യക്തമല്ലേ ? പ്രതികൾക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും ഷാജഹാന്‍റെ നേതൃത്വത്തിൽ ഇത് ചോദ്യം ചെയ്തതാണ് കൊല നടത്താനുള്ള പ്രേരണ എന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയക്കൊലയെന്ന ആരോപണം ഏറ്റുപിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
ജില്ലാ പൊലീസ് മേധാവിയും സിപിഎം ജില്ലാ സെക്രട്ടറിയും നേർക്കുനേർ വരുന്നതിനാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധം എന്നായിരുന്നു എസ് പി ആർ. വിശ്വനാഥ് വെളിപ്പെടുത്തിയത്. പെട്ടെന്നുണ്ടായ കാരണം, രാഖിത്തർക്കവും ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവ ഫ്ലക്സുകൾ വയ്ക്കുന്നതിലെ വിയോജിച്ചും എന്നും എസ് പി വ്യക്തമാക്കിയിരുന്നു. എന്നാൽ എസ്പി അദ്ദേഹത്തിന് തോന്നിയതു പോലെ പറയുക എന്നായിരുന്നു ജില്ലാ സെക്രട്ടറി സുരേഷ് ബാബു തുറന്നടിച്ചത്. പ്രതികൾ ആരും ഒരിക്കൽ പോലും പാർട്ടി അംഗങ്ങൾ ആയിരുന്നില്ലെന്നും എന്നാൽ പാർട്ടിയുമായി അടുത്ത് നിന്നവരാണ് എന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
ഇ.എൻ.സുരേഷ് ബാബു ഉന്നയിച്ച കാര്യങ്ങൾ ഏന്തൊക്കെ?
വ്യക്തിവിരോധം എന്ന് എസ് പി പറഞ്ഞത് എന്തിന്‍റെ അടിസ്ഥാനത്തിൽ ? വ്യക്തിവിരോധം എന്ന് വരുത്തി തീർക്കുന്നതിന് പിന്നിൽ ആരുടെയോ അജണ്ട ഉണ്ട്. എസ് പി എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ പറഞ്ഞത് ? പൊലീസിന് കൊലയാളികൾ ആർ എസ് എസുകാർ എന്ന് പറയാൻ എന്താണ് മടി ? ഒരു മാറുചോദ്യം അപ്പോഴും ബാക്കിയുണ്ട്. അന്വേഷണം കാര്യക്ഷമായും കൃത്യമായും നടക്കുന്നു എന്ന് പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥനെ പരാമർശിക്കാതെ എസ് പി യെ മാത്രം വിർമശിച്ചതിലെ പൊരുൾ എന്താകും ? അതിന് ഉത്തരം വരുകാല കേരള രാഷ്ട്രീയം ഒരുപക്ഷേ മറുപടി നൽകിയേക്കാം. എന്തായാലും കാത്തിരുന്ന് കാണാം.ർ
'പൊലീസിന് എന്താ കൊലയാളികൾ ആര്‍എസ്എസ് എന്ന് പറയാൻ മടി'? ഷാജഹാൻ കൊലക്കേസിൽ പൊലീസിനെതിരെ സിപിഎം