മുല്ലപ്പള്ളിയുടെ വാക്കുകൾ വേട്ടക്കാരന്‍റേതെന്ന് വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ

മുല്ലപ്പള്ളിയുടെ വാക്കുകൾ വേട്ടക്കാരന്‍റേതാണെന്നും നിലവിലുള്ള പീഡനകേസിലെ പ്രതികളെ രക്ഷിക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്നും ഷാഹിദ കമാല്‍ 

Shahida kamal against mullappally ramachandran controversial remark against woman

ആലപ്പുഴ: കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വനിത കമ്മീഷൻ അംഗം ഷാഹിദ കമാൽ. മുല്ലപ്പള്ളിയുടെ വാക്കുകൾ വേട്ടക്കാരന്‍റേതാണെന്നും നിലവിലുള്ള പീഡനകേസിലെ പ്രതികളെ രക്ഷിക്കുക എന്നതാണ് മുല്ലപ്പള്ളിയുടെ ലക്ഷ്യമെന്നും ഷാഹിദ കമാല്‍ ആരോപിച്ചു.

സോളാര്‍ കേസിലെ പരാതിക്കാരിക്കെതിരെയാണ്  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ  സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. മുങ്ങി താഴാൻ പോകുമ്പോൾ ഒരു അഭിസാരികയെ കൊണ്ട്‌ വന്ന് രക്ഷപ്പെടാം എന്നു മുഖ്യമന്ത്രി കരുതണ്ടെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രസംഗിച്ചത്. സോളാര്‍ കേസ് മുൻനിര്‍ത്തി യുഡിഎഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു കെപിസിസി പ്രസിഡന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ പലതവണ സ്ത്രീ വിരുദ്ധ പരാമര്‍ശം ആവര്‍ത്തിക്കുയും ചെയ്തു.

'സര്‍ക്കാര്‍ മുങ്ങിച്ചാവാന്‍ പോകുമ്പോള്‍ അഭിസാരികയെ കൊണ്ടുവന്ന് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. അവരുടെ കഥ കേരളം കേട്ട്  മടുത്തതാണ്. ഒരു സ്ത്രീയെ ഒരു തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. അത് പീന്നീട് ആവര്‍ത്തിക്കില്ല. ആത്മാഭിമാനമുളള സ്ത്രീ ഒരിക്കല്‍ ഇരയായാല്‍ മരിക്കും, അല്ലെങ്കില്‍ പിന്നീട്  ആവര്‍ത്തിക്കാതെ നോക്കും.

 'ദിവസവും ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എന്നെയിതാ ബലാത്സംഗം  ചെയ്തിരിക്കുന്നു. രാജ്യമാസകലം ഞാന്‍ ബലാംത്സംഗത്തിന്  വിധേയമായിരിക്കുന്നു എന്ന് പറയുന്ന ഒരു സ്ത്രീയെ അണിയിച്ച് ഒരുക്കികൊണ്ട് തിരശീലയ്ക്ക് പിന്നില്‍ നിര്‍ത്തിയിരിക്കുന്നു. മുഖ്യമന്ത്രി ഈ ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയം നടക്കില്ല' എന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍. പ്രസംഗിച്ച് തീരും മുൻപേ പരാമര്‍ശം വിവാദമായതോടെ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശമായി ചില കേന്ദ്രങ്ങൾ വ്യാഖാനിച്ചതിനാലാണ് ഖേദമറിയിക്കാൻ തയ്യാറായതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios