ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് 7 വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും തടവ്; ഷെരീഫിന് അരലക്ഷം പിഴ
ഷെഫീഖ് വധശ്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി.
ഇടുക്കി: കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും കഠിനതടവ്. കുട്ടിയുടെ പിതാവ് ഷെരീഫ് ഏഴുവർഷവും അമ്മ അനിഷ 10 വർഷവും തടവ ശിക്ഷ അനുഭവിക്കണം. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷം ആണ് ശിക്ഷ വിധി.
പിഞ്ചുകുഞ്ഞിനോടുള്ള കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഒടുവിൽ കഠിനതടവ് ശിക്ഷ വിധിച്ചു കോടതി. വധശ്രമത്തിന് രണ്ടാനമ്മ 10 വർഷം കഠിനതടവ് അനുഭവിക്കണം. കുഞ്ഞിനെ അപായപ്പെടുത്തിയ കേസിൽ 4 വർഷവും ജെജെ ആക്ട് പ്രകാരം ഒരു വർഷവും തടവുശിക്ഷ. ഒന്നാംപ്രതി ഷെരീഫ് 7 വർഷം തടവിനൊപ്പം വിവിധ വകുപ്പുകളിൽ 3 വർഷം കൂടി ശിക്ഷ അനുഭവിക്കണം. അനീഷ രണ്ട് ലക്ഷവും ഷെരീഫ് 50000 രൂപയും പിഴ ഒടുക്കുകയും വേണം. ഇല്ലാത്തപക്ഷം ഓരോ വർഷം കൂടി തടവ് അനുഭവിക്കണം.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും മെഡിക്കൽ തെളിവുകളും ആണ് പ്രോസിക്യൂഷൻ തുണയായത്. 17 സാക്ഷികളെ വിസ്തരിച്ചു. കണ്ണില്ലാത്ത ക്രൂരതയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ചെറിയ കുഞ്ഞുങ്ങളുണ്ടെന്നും ഇളവ് വേണമെന്നും അനീഷ കോടതിയോട് അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാവാം ജീവപര്യന്തം തടവ് വിധിക്കാതിരുന്നത് എന്നാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം.
2013 ജൂലൈ 15നാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് അവശനിലയിലായ ഷഫീഖിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്നാണ് പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത പുറത്ത് വരുന്നതും. കട്ടപ്പനയിലും പിന്നീട് വെല്ലൂരിലും മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ആണ് ഷഫീഖ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ തലച്ചോറിനേറ്റ ഗുരുതര ക്ഷതം കുഞ്ഞിന്‍റെ മാനസിക വളർച്ചയെ കാര്യമായി തന്നെ ബാധിച്ചു. നിലവിൽ രാഗിണി എന്ന പോറ്റമ്മയുടെ പരിചരണത്തിൽ തൊടുപുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുകയാണ് ഷഫീഖ്.