'ആ നിലപാട് പെണ്‍കുട്ടികളെ രണ്ടാംതരക്കാരായി കാണുന്നതുകൊണ്ട്'; എം.കെ മുനീറിനെതിരെ എസ്എഫ്ഐ
ഇത്തരം പുരുഷാധിപത്യ ആക്രോശങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് കേരളത്തിലെ ക്യാമ്പസുകളിൽ ആൺ - പെൺ - ട്രാൻസ് ജെൻഡർ വ്യത്യാസങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: എംഎസ്എഫ് വേദിയിലെ ഡോ എം.കെ മുനീറിന്‍റെ പ്രസ്താവന മുസ്ലിം ലീഗിന്‍റെയും എം എസ് എഫിന്‍റെയും പുരുഷാധിപത്യ മനോഭാവം വ്യക്തമാക്കുന്നത് ആണെന്ന് എസ്എഫ്ഐ. കഴിഞ്ഞദിവസം കോഴിക്കോട് വെച്ച് നടന്ന എം എസ് എഫ് സംസ്ഥാനതല പരിപാടിയിൽവെച്ച് ലിംഗസമത്വ ആശയങ്ങൾക്കെതിരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ഡോ എം.കെ മുനീർ നടത്തിയ പ്രസംഗം അപഹാസ്യമാണ്. പെൺകുട്ടികൾ എന്നും രണ്ടാംതരക്കാരായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് ജെൻഡർ ന്യൂട്രാലിറ്റിക്കെതിരെ നിലപാട് സ്വീകരിക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
ഡോ എം.കെ മുനീറിൻന്‍റെ പുരോഗമന വിരുദ്ധമായ ഈ പ്രസ്താവനയെ നിറകൈയ്യടികളോടെയാണ് വേദിയിലും സദസ്സിലുമിരിക്കുന്ന എം എസ് എഫ് പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുസ്ലിം ലീഗിന്‍റെ പുരുഷാധിപത്യ മനോഭാവത്തിൽ നിന്ന് ഒരടി പോലും മുന്നോട്ട് പോകാൻ എം എസ് എഫിന് സാധിച്ചിട്ടില്ല എന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇത്തരം പുരുഷാധിപത്യ ആക്രോശങ്ങളെ അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞ് കേരളത്തിലെ ക്യാമ്പസുകളിൽ ആൺ - പെൺ - ട്രാൻസ് ജെൻഡർ വ്യത്യാസങ്ങളില്ലാതെ പഠിക്കാനുള്ള സാഹചര്യം ഒരുക്കാനുള്ള പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവണമെന്നും, അത്തരം പ്രവർത്തനങ്ങളുടെ കൂടെ കേരളത്തിലെ ക്യാമ്പസുകൾ അണിനിരക്കുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
'ലിംഗസമത്വമെന്ന പേരിൽ സ്കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ലീഗ് നേതാവ് ഡോ എം.കെ മുനീർ പറഞ്ഞത്. പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണ്. പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേ? ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരിധരിക്കുമോയെന്നും മുനീർ ചോദിച്ചിരുന്നു എം എസ് എഫ് ക്യാംപെയിനിന്‍റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. എം കെ മുനീർ.
Read More : 'കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല,സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ'
മുനീറിന്‍റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും, സമൂഹമാധ്യമങ്ങളിലും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രതികരണം. സി എച്ചിന്‍റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്‍റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. .മുനീറിന്‍റെ പ്രസ്താവന സാക്ഷര കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. നവോത്ഥാന പരിഷ്കരണങ്ങൾ ലീഗ് അംഗീകരിക്കുന്നില്ല. പ്രസ്താവന പിൻവലിച്ച് മുനീർ മാപ്പ് പറയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
അതേസമയം വിമര്‍ശനങ്ങളുയര്‍ന്നതോടെ കോഴിക്കോടെ പരാമര്‍ശം സംബന്ധിച്ച് വിശദീകരണവുമായി മുനീര്‍ രംഗത്ത് വന്നു. ലിംഗ സമത്വത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് മുനീര്‍ പറയുന്നത്. തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത്. സ്ത്രീകളെ നിരാകരിക്കുന്നതാണ് സി പി എമ്മിന്‍റെ ഘടന. ആൺവേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ ? മുഖ്യമന്ത്രി സാരിയും ബ്ലൗസും ധരിച്ച് നടക്കുമോ എന്ന് ചോദിച്ചത് ആ അർഥത്തിൽ ആണ്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക എന്ന ഉദേശ്യത്തിൽ അല്ല പറഞ്ഞതെന്നും എം കെ മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.