ചേർത്തല എസ് എച്ച് നഴ്സിംഗ് കോളേജിലെ ലൈംഗിക അധിക്ഷേപ പരാതി; പിടിഎ യോഗം ഇന്ന്
പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിൽ അംഗം ബീന
ആലപ്പുഴ: ചേർത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിൽ അംഗം ബീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും. ഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. 'മാലാഖ' എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായത്. തെറ്റുപറ്റിയെന്നാണ് വൈസ് പ്രിൻസിപ്പാൾ മൊഴി നൽകിയത്. പിടിഎ യോഗത്തിന് ശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും നഴ്സിംഗ് കൗൺസിൽ അംഗം വ്യക്തമാക്കി.
വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽപ്പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
'ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാൻ പാടില്ല. കണ്ടാൽ അത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതി'. നഴ‍്സസ് ആൻഡ് മിഡ്‍വൈവ്സ് കൗൺസിൽ ആറാം തിയതി കോളേജിൽ നടത്തിയ പരിശോധനയിൽ മൂന്നാം വർഷ, നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനികൾ പറഞ്ഞ വിവരങ്ങൾ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതിങ്ങനെയാണ്. വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിൽ ഞെട്ടിക്കുന്നതാണ് ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയിൽ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍്ലറ്റും വൃത്തിയാക്കണം. അവധി ദിനത്തിൽപ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാൽ പിഴ ഈടാക്കും.
ദിവസേന നിർബന്ധമായും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കണം. മൊബൈൽ ഫോൺ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂർ മാത്രമാണ്. ഹോസ്റ്റൽ മുറി തിങ്ങി നിറഞ്ഞതിൽ പരാതി പറഞ്ഞാൽ പിന്നെ ഇരുട്ടുമുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സർവകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ സർവകലാശാലയിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ‍്സസ് കൗൺസിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്.