Vijay Babu : ബലാത്സംഗക്കേസ്; വിജയ് ബാബു പൊലീസ് സ്റ്റേഷനിൽ ഹാജരായി, വിശദമായി ചോദ്യം ചെയ്യുമെന്ന് കമ്മീഷണർ

വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.

sexual assault case vijay babu presented at police station

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവ് വിജയ് ബാബു (Vijay Babu) പൊലീസ് സ്റ്റേഷനിൽ ഹാജരായി. എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊലീസിന്‍റെ ശക്തമായ നടപടികൾക്കൊടുവിലാണ് വിജയ്‌ ബാബു നാട്ടിലേക്ക് മടങ്ങിയെത്തിയത്. പാസ്പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നും സി എച്ച് നാഗരാജു പ്രതികരിച്ചു. ഒളിവിലുള്ള പ്രതികളെ സഹായിക്കുന്നത് കുറ്റകരമാണ്. ഒളിവിൽ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിന് സഹായം ചെയ്തവരെ കണ്ടെത്തുമെന്നും കമ്മീഷണർ കൂട്ടിച്ചേര്‍ത്തു.

ഒരു മാസമായി വിദേശത്തായിരുന്നു വിജയ് ബാബു രാവിലെ ഒമ്പത് മണിയോടെയാണ് കൊച്ചിയിലെത്തിയത്. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ 39 ദിവസത്തിന് ശേഷമാണ് വിജയ് ബാബു തിരികെയെത്തുന്നത്. വിമാനത്താവളത്തില്‍ നിന്ന് വിജയ് ബാബു ആദ്യം പോയത് ക്ഷേത്രത്തിലേക്കാണ്. ആലുവയിലെ ദത്ത ആജ്ഞനേയ ക്ഷേത്രത്തിലാണ് വിജയ് ബാബു ദര്‍ശനം നടത്തിയത്. തുടര്‍ന്നാണ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജറായത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് വിജയ് ബാബുവിന്‍റെ അറസ്റ്റ് കോടതി തടഞ്ഞത്. 

മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു. പിന്നീട് വീണ്ടും ദുബായിലേക്ക് എത്തുകയുമായിരുന്നു. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകർപ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. പരാതിക്കാരിക്ക് താൻ പലപ്പോഴായി പണം നൽകിയിട്ടുണ്ടെന്നും സിനിമയിൽ കൂടുതൽ അവസരം വേണമെന്ന ആവശ്യം താൻ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ നിലപാട്. 

Also Read: വിജയ് ബാബു കേസിൽ ഒത്തുകളിക്കുകയാണോ എന്ന് പൊലീസിനോട് ഹൈക്കോടതി

പൊലീസിന് കടുത്ത വിമർശനം

വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ പൊലീസിനും പ്രോസിക്യൂഷനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. അതിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ല.  രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ  കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമർപ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

സ്ഥലത്ത് ഇല്ലല്ലോ എന്ന് വിജയ് ബാബുവിനോട് ചോദിച്ച കോടതി, ആൾ സ്ഥലത്ത് ഇല്ലാത്തതിൽ കേസ് മെറിറ്റിൽ കേൾക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി. അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബു പറഞ്ഞു. നാളെ വരാൻ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചു. നടൻ നാട്ടിൽ വരുന്നതിനെ എന്തിന് പ്രോസിക്യൂഷൻ എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂ. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിന്‍റെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്‍റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിർബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.  കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവിൽ പോയതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

വിജയ് ബാബു വിദേശത്ത് തുടർന്നാൽ എന്ത് ചെയ്യാൻ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങൾക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടിൽ വരുന്നതിനെ എതിർക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളിൽ താമസിക്കാൻ ഇന്ത്യൻ വിസയോ, പാസ്പോർട്ട് ഒന്നും വേണ്ടെന്ന് ഓർക്കണമെന്ന് കോടതി പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios