സിവിക് ചന്ദ്രനെതിരായ പീഡന പരാതി; അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി പരാതിക്കാരി
മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി നല്‍കുകയും അന്വേഷണ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടും പ്രതിക്കെതിരെ നടപടിയില്ല. പാഠഭേധം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറയുന്നു.
കോഴിക്കോട്: സിവിക് ചന്ദ്രനെതിരായ പീഡന പരാതിയില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതായി പരാതിക്കാരി. മജിസ്ട്രേട്ടിന് മുന്നില്‍ മൊഴി നല്‍കുകയും അന്വേഷണ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തിട്ടും പ്രതിക്കെതിരെ നടപടിയില്ല. പാഠഭേധം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നീതി കിട്ടിയില്ലെന്നും പരാതിക്കാരി പറയുന്നു. അതേസമയം സിവിക് ചന്ദ്രന്‍ ഒളിവിലെന്നാണ് പൊലീസ് ഭാഷ്യം.
ഹയര്‍ സെക്കന്‍ഡറി അധ്യാപികയും എഴുത്തുകാരിയുമായ വ്യക്തിയുടെ പരാതിയില്‍ കഴിഞ്ഞയാഴ്ചയാണ് കൊയിലാണ്ടി പൊലീസ് സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരെ കേസെടുത്തത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവും കേസെടുത്തു. പരാതിക്കാരി മജിസ്ട്രേട്ടിന് മുമ്പാകെ രഹസ്യ മൊഴി നല്‍കുകയും അന്വേഷണത്തിന്‍റെ ഭാഗമായുളള വൈദ്യ പരിശോധനയ്ക്ക് വിധേയയാവുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങളായിട്ടും പ്രതിക്കെതിരെ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. മാത്രമല്ല അതിക്രമം നടന്ന കെട്ടിടം കാണിച്ച് കൊടുക്കുകയും അന്വേഷണ സംഘത്തിന് വിശദമായ മൊഴി നല്‍കുകയും ചെയ്തെങ്കിലും ഇതെല്ലാം വീണ്ടും ചെയ്യാണ് പൊലീസ് ആവശ്യപ്പെടുന്നത്.
ലൈംഗീക അതിക്രമം നേരിടേണ്ടി വരുന്ന ഒരാളോട് കാട്ടുന്ന ക്രൂരതയാണിത്. പരാതി നല്‍കിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്ന് വലിയ അധിക്ഷേപമാണ് തനിക്ക് നേരിടേണ്ടി വരുന്നത്. താന്‍ ഭാഗമായിരുന്ന പാഠഭേധം മാസികയിലും നിലാനൃത്തം എന്ന പേരിലുളള കവികളുടെ ഗ്രൂപ്പിലും താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരാള്‍ പോലും നിയമ നടപടികള്‍ക്ക് പിന്തുണ നല്‍കിയില്ല. പാഠഭേധം മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്‍ അംഗങ്ങളുടെ പ്രതികരണവും തന്‍റെ പരാതിയെ സംശയിക്കുന്ന നിലയിലായിരുന്നെന്നും പരാതിക്കാരി പറയുന്നു. അതേസമയം, പരാതിക്കാരി ദലിത് വിഭാഗത്തില്‍ നിന്നുളള വ്യക്തി ആയതിനാല്‍ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നതെന്നും ഇതിന്‍റെ ഭാഗമായുളള നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അന്വേഷണ സംഘം പറഞ്ഞു. സിവിക് ചന്ദ്രനാകട്ടെ പരാതി ഉയര്‍ന്ന ശേഷം ഒളിവിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന.