അന്വേഷണം വൈകിപ്പിക്കുന്നു, സിവിക് ചന്ദ്രനെ ചോദ്യം ചെയ്തില്ല; പൊലീസിനെതിരെ പരാതിക്കാരി

വിശദമായി മൊഴി നല്‍കുകയും സംഭവ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തു, വീണ്ടും ഇതേ കാര്യങ്ങള്‍ ചെയ്യാൻ പൊലീസ് ആവശ്യപ്പെടുന്നെന്നും പരാതിക്കാരി

Sexual assault case against Civic Chandran, Complainant against police

കോഴിക്കോട്: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരി. അന്വേഷണം പൊലീസ് അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന് പരാതിക്കാരി ആരോപിച്ചു. പ്രതിയായ സിവിക് ചന്ദ്രനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. വിശദമായി മൊഴി നല്‍കുകയും സംഭവ സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തതാണ്. എന്നാൽ വീണ്ടും ഇതേ കാര്യങ്ങള്‍ ചെയ്യാനാണ് പൊലീസ് ആവശ്യപ്പെടുന്നതെന്നും പരാതിക്കാരി പറഞ്ഞു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ ഉന്നയിക്കുന്ന പീഡന പരാതികളോട് പൊലീസിന് അവഗണനയാണെന്നും പരാതിക്കാരി ആരോപിച്ചു.

പരാതി ഉന്നയിച്ച് 21 ദിവസമായിട്ടും യാതൊരു നടപടിയുമില്ലെന്നാണ് പരാതിക്കാരിയുടെ ആരോപണം. പരാതി നല്‍കിയ ശേഷം സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപം നടക്കുകയാണ്. 'പാഠഭേധം' മാസിക നിയോഗിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് നീതി കിട്ടിയില്ല എന്നും പരാതിക്കാരി ആരോപിച്ചു. 'പാഠഭേധ'ത്തില്‍ നിന്നും 'നിലാനടത്തം' എന്ന കവികളുടെ കൂട്ടായ്മയില്‍ നിന്നും പിന്തുണ കിട്ടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. 

ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ ഒത്തുകൂടിയപ്പോൾ സിവിക് ചന്ദ്രൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ പരാതിയിൽ ഒരാഴ്ച മുമ്പ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരുന്നു. പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയുന്ന വകുപ്പ് കൂടി ചേർത്താണ് കേസെടുത്തത്. ദളിത് വിഭാഗത്തിൽ നിന്നുള്ളയാളാണ് പരാതിക്കാരി എന്നതിനാൽ ഡിവൈഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസെടുത്തു എങ്കിലും പിന്നീടിങ്ങോട്ട് പൊലീസ് മെല്ലെപ്പോക്ക് കാണിക്കുകയാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. പുസ്തക പ്രകാശനത്തിന് പബ്ലിഷറെ കണ്ടെത്താൻ സമീപിച്ചതിന് പിന്നാലെ ഫോണിലേക്ക് വിളിച്ചും സന്ദേശങ്ങളയച്ചും തുടരെ ശല്യപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഏപ്രിലിൽ ആണ് പരാതിക്ക്  ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios