'സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു': മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ  അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ

Septic tank filled with chemicals which crush stone too says Soman who excavated body remaining in Mannar

ആലപ്പുഴ: സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നെന്ന് മാന്നാറിൽ മൃതദേഹം കുഴിച്ചെടുത്ത സോമൻ പറഞ്ഞു. അസ്ഥികഷ്ണങ്ങളും വസ്ത്രവും മുടിയിലിടുന്ന ക്ലിപ്പും സെപ്റ്റിക് ടാങ്കിൽ നിന്നു കിട്ടി. സെപ്റ്റിക് ടാങ്കിനു മുകളിൽ പഴയ വീടിന്റെ അവശിഷ്ടങ്ങൾ ഇട്ട് മൂടിയ നിലയിൽ ആയിരുന്നെന്നും സോമൻ പറഞ്ഞു. 

"സെപ്റ്റിക് ടാങ്കിന്‍റെ പുറത്താണ് വീട് പൊളിച്ചതിന്‍റെ അവശിഷ്ടങ്ങള്‍ കൊണ്ടുപോയി ഇട്ടിരുന്നത്. പൊതുവെ ആരും അങ്ങനെ ചെയ്യില്ല. ദുരൂഹതയുള്ളതുകൊണ്ടാവാം അങ്ങനെ ചെയ്തത്. മാന്തി നോക്കിയപ്പോൾ കുറേ കെമിക്കൽ ഇറക്കിയിട്ടുണ്ട്. കല്ല് പോലും പൊടിഞ്ഞു പോകുന്ന തരത്തിലുള്ള കെമിക്കലാണ് ചേർത്തിരുന്നത്"- സോമൻ പറഞ്ഞു. ഇലന്തൂർ നരബലി കേസിൽ ഉള്‍പ്പെടെ പൊലീസിനെ സഹായിച്ചയാളാണ് സോമൻ. 

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. ജിനു, സോമൻ, പ്രമോദ് എന്നിവർ യഥാക്രമം 2,3,4 പ്രതികളായ കേസിൽ എല്ലാവര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. എന്നാൽ പ്രതികൾ എങ്ങനെയാണ് കലയെ കൊലപ്പെടുത്തിയതെന്നോ എവിടെയാണ് മറവ് ചെയ്തതെന്നോ എഫ്ഐആറിൽ പറയുന്നില്ല. 2009 ലാണ് സംഭവം നടന്നത്.  

പതിനഞ്ച് വര്‍ഷം മുൻപുള്ള തിരോധാന കേസിലാണ് ഇപ്പോൾ സത്യം മറനീക്കി പുറത്തുവരുന്നത്. ശ്രീകലയുടെയും അനിലിന്‍റെയും പ്രണയ വിവാഹമായിരുന്നു. അന്ന് ദക്ഷിണാഫ്രിക്കയിലായിരുന്നു അനിലിന് ജോലി. ശ്രീകല അനിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത് വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പിന്നീട് 2008-2009 കാലത്താണ് ശ്രീകലയെ കാണാതായത്. അന്ന് ശ്രീകലയുടെ കുടുംബം പരാതിയൊന്നും നൽകിയിരുന്നില്ല. അതുകൊണ്ട് തന്നെ തിരോധാനം അന്വേഷിക്കപ്പെട്ടില്ല. 

വർഷങ്ങൾക്കിപ്പുറം ഒരു ഊമക്കത്തിലൂടെ പൊലീസിന് ചില വിവരങ്ങൾ കിട്ടിയതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. അനിലിന്‍റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കസ്റ്റഡിയിലെടുത്ത പൊലീസ് മൃതദേഹം കുഴിച്ചിട്ടെന്ന സംശയത്തിൽ മാന്നാറിലെ വീടിന്റെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചു. മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന തരത്തിലുള്ള ചില വസ്തുക്കൾ സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടി. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

'അനിൽ ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നില്ല': അനിലിന്‍റെ അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios