Palakkad Curfew : പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങൾ; നിരോധനാജ്ഞ നീട്ടി
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകം നടന്നതോടെ പാലക്കാട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ (Section 144) നീട്ടി. ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുത്തിയതോട് പോപുലർ ഫ്രണ്ട് (Popular Front of India) പ്രവർത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് (RSS) മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കൊലപാതകങ്ങളെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടര്‍ന്ന് ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ട് 16 പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോള്‍ നീട്ടിയത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.
ഇന്ത്യന്‍ ആയുധ നിയമം സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്ഫോടക വസ്തു നിയമം 1884 ലെ സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങള്‍ ഉടലെടുക്കും വിധം സമൂഹത്തില്‍ ഊഹാപോഹങ്ങള്‍ പരത്തുകയോ ചെയ്യാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങള്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമല്ല.
സുബൈർ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; രാഷ്ടീയ കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്
പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈറിന്‍റെ കൊലപാതകം രാഷ്ട്രീയ വൈരം മൂലമെന്ന് റിമാന്‍ഡ് റിപ്പാര്‍ട്ട്. അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍റെ കൊലപാതകത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് നിരോധനാജ്ഞ തുടരണമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.
സുബൈര്‍ കൊലപാതകത്തില്‍ അറസ്റ്റിലായ അറുമുഖന്‍, ശരവണന്‍, രമേശ് എന്നീ പ്രതികളെയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്റ്റേറ്റ് (രണ്ട്) പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്‍റെ അഭ്യര്‍ത്ഥന പ്രകാരം പ്രതികളുടെ സുരക്ഷ പരിഗണിച്ച് ചിറ്റൂര്‍ ജയിലിലേക്കാണ് മാറ്റിയത്. തിരിച്ചറിയല്‍ പരേജിന് ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.
അതിനിടെ ശ്രീനിവാസന്‍ കൊലപാതകക്കേസില്‍ ശംഖുവാരത്തോട് സ്വദേശി, അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, പട്ടാമ്പി സ്വദേശി ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കസ്റ്റഡിയിലുള്ളവരില്‍ നിന്നുമാണ് പ്രതികളിലേക്കെത്തിയത്. ഫിറോസും ഉമ്മറും സഞ്ചരിച്ച ബൈക്ക് തമിഴ്നാട് രജിസ്ട്രേഷനെന്നാണ് കണ്ടെത്തിയത്. അബ്ദുള്‍ ഖാദര്‍ ആക്ടിവ ബൈക്കിലായിരുന്നു ഉണ്ടായിരുന്നത്. പ്രതികള്‍ വൈകാതെ വലയിലാവുമെന്ന് എഡിജിപി വ്യക്തമാക്കി.
അതേസമയം, പ്രദേശത്തെ സംഘര്‍ഷസാധ്യത കണക്കിലെടുത്തത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാനുള്ള ശുപാര്‍ശയാണ് പൊലീസ് നല്‍കിയത്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം തീരുമാനമെടുക്കും.
സുബൈറിന്‍റെ കൊലപാതകം സഞ്ജിത്ത് വധത്തിന്‍റെ പ്രതികാരം
ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണ് പ്രതികളുടെ മൊഴി. സഞ്ജിത്തിന്‍റെ സുഹൃത്തായ രമേശ് ആണ് കൊലയാളി സംഘത്തെ ഏകോപിപ്പിച്ചതെന്നും രണ്ട് വട്ടം കൊലപാതക ശ്രമം പരാജയപ്പെട്ടെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ അറുമുഖൻ, രമേശ്, ശരവൺ എന്നിവരുടെ അറസ്റ്റ് ഇന്നലെ രാവിലെയാണ് രേഖപ്പെടുത്തിയത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. സുബൈറിന്‍റെ അയൽവാസിയും സഞ്ജിത്തിന്‍റെ സുഹൃത്തുമായ രമേശ് ആണ് കൊലപാതകത്തിനുള്ള ആളുകളെ ഏകോപിപ്പിച്ചത്. നിരവധി പേരെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചത് മൂന്ന് പേരെയാണ്. ആദ്യ രണ്ട് ശ്രമങ്ങൾ പൊലീസ് ഉണ്ടായിരുന്നതിനാൽ ഉപേക്ഷിച്ചു.