ഷിരൂർദൗത്യം പ്രതിസന്ധിയിൽ; ​​പുഴയിൽ അടിയൊഴുക്ക് ശക്തമാകുന്നത് വെല്ലുവിളി; തെരച്ചിൽ തുടരുമെന്ന് ഡികെ ശിവകുമാര്‍

​ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാൽ ദൗത്യം തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു.

search for arjun shiroor crisis heavy flow in river  DK Shivakumar said that the search will continue

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി പുഴയിൽ‌ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി. ​ഗം​ഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാൽ ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ദൗത്യം സംബന്ധിച്ച് പുതിയ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവരുന്നില്ല. 

എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കൽ മൈൽ വേ​ഗതയിലാണ്. ഈ ഒഴുക്കിൽ പുഴയിലിറങ്ങി ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധ്യമല്ല. അത് കുറയുന്ന സാഹചര്യത്തിൽ തെരച്ചിൽ പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കും എന്നാണ് കളക്ടർ പറഞ്ഞത്. ഇതേ കാര്യം തന്നെയാണ് ശിവകുമാർ ആവർത്തിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ വേ​ഗം കുറയുന്നതിന് അനുസരിച്ച് ആയിരിക്കും തെരച്ചിൽ നടത്തുക. ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നുമാണ് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉറപ്പ് നൽകുന്നത്. 

ഒരാൾക്ക് സുരക്ഷിതമായി ഇറങ്ങി തിരയാൻ 2 നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാൽ പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാൽ അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ട‍ര്‍ അറിയിച്ചു.

ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്‍ജുന് വേണ്ടിയുളള തെരച്ചിൽ നിര്‍ത്തിവെച്ചത്. പ്രദേശത്ത് മഴയും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു.  വിഷയത്തിൽ കര്‍ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചിൽ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശം നൽകി.
അതിനിടെ, അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്‍റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഉറപ്പ് നല്‍കി. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ അര്‍ജുന്‍റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്. ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും അര്‍ജുനെ കണ്ടെത്താനായുളള തെരച്ചില്‍ കര്‍ണാടക സര്‍ക്കാര്‍ പുനാരംഭിക്കുന്നില്ലെന്ന പരാതിക്കിടെയാണ് വിഷയത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി മുഖ്യമന്ത്രി രേഖാമൂലം അര്‍ജുന്‍റെ കുടുംബത്തെ അറിയിച്ചത്.  

Latest Videos
Follow Us:
Download App:
  • android
  • ios