ആംബുലൻസിന്‍റെ വഴി മുടക്കിയത് 22 കി.മീ; നടപടിയെടുത്ത് എംവിഡി, സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നാസിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അയ്യായിരം രൂപ പിഴ അടക്കാനും നിർദേശം.
വയനാട്: ആംബുലൻസിന് മുന്നിൽ മാർഗ തടസ്സം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നാസിന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. അയ്യായിരം രൂപ പിഴ അടക്കാനും നിർദേശം. മോട്ടോർ വാഹനവകുപ്പിന്റെ അഞ്ച് ദിവസത്തെ പരിശീലനത്തിനും ഹാജരാകണം. സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വന്ന ആംബുലൻസിന് തടസം സൃഷ്ടിച്ച് അപകടകരമായ രീതിയിലാണ് സ്കൂട്ടർ യാത്രികന്‍ ഓടിച്ചത്. അടിവാരം മുതൽ കാരന്തൂർ വരെ 22 കിലോമീറ്റർ ദൂരമാണ് ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചത്. ഇത് മൂലം ഒരു മണിക്കൂറോളം വൈകിയെന്നാണ് ആംബുലൻസ് ഡ്രൈവർ ഉനൈസ് പറയുന്നത്.
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ അഭ്യാസ പ്രകടനം. ആ സംഭവത്തില്‍ ലൈസന്‍സ് റദ്ദാക്കിയതിന് പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കിയിരുന്നു. വൈറ്റിലയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു യുവാവിന്‍റെ അഭ്യാസം. ദൃശ്യങ്ങളടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്.
Also Read: 'മതേതര കേരളത്തിന്റെ നന്ദി , എംടിയ്ക്ക് ഒരു രണ്ടാമൂഴം കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചു':മുഖ്യമന്ത്രി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം