ജിജി, മുളകിന്റെ എരിവിലും തേങ്ങയുടെ മൂട്ടിലും മാങ്ങയുടെ നാരിലും ജിജിയുണ്ടെന്ന് കവി; കലോത്സവത്തിലും ചർച്ച ജിജി!
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചയായും ട്രോളിന് വിഷയമായും ജിജി കവിത നിറഞ്ഞു നിൽക്കുകയാണ്
തിരുവനന്തപുരം: സോഷ്യൽ മീഡിയയും കവിതാ ലോകവും മാത്രമല്ല, കലോത്സവവും ചോദിക്കുന്നു ആരാണ് ജിജി? മാനിന്റെ മിഴിയിലും മുളകിന്റെ എരിവിലും തേങ്ങയുടെ മൂട്ടിലും മാങ്ങയുടെ നാരിലും ജിജിയുണ്ടെന്ന് കവി കെ ആർ ടോണി പറയുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ചർച്ചയായും ട്രോളിന് വിഷയമായും 'ജിജി' കവിത നിറഞ്ഞു നിൽക്കുകയാണ്. ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ചതോടെയാണ് കെ ആർ ടോണിയുടെ 'ജിജി' വൈറലായത്. കലോത്സവത്തിന്റെ പദ്യപാരായണ വേദിയിലെത്തിയ മത്സരാർത്ഥികളും കവിത ചൊല്ലി ജിജിയെ അന്വേഷിക്കുകയാണ്. ചിലര്‍ മനോഹരമായി ഈണമിട്ട് കവിത ചൊല്ലി, വായിച്ചു. ചിലർ പറയുന്നു, കവിത കൊള്ളാം, പക്ഷേ വായിക്കുമ്പോൾ തമാശ പോലെ തോന്നുന്നു, കുറച്ച് വിചിത്രമായിട്ടും തോന്നി. വായിച്ചു കഴിഞ്ഞ് മറ്റു ചിലർ ഇങ്ങനെയും ചോദിക്കുന്നു, കവിത കൊള്ളാം, പക്ഷേ ആരാ ജിജി?