'പ്രതീക്ഷിച്ചില്ല, അപ്പോ സങ്കടം വന്നു, ഇപ്പോൾ സന്തോഷം'; കുച്ചിപ്പുഡിയിൽ രണ്ടാംവരവിൽ ഗംഭീരപ്രകടനവുമായി ഐശ്വര്യ
സാങ്കേതിക പ്രശ്നത്തെ തുടർന്ന് കുച്ചിപ്പുഡി മത്സരം തടസ്സപ്പെട്ട കോട്ടയം ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസിലെ ഐശ്വര്യ വീണ്ടും വേദിയിലെത്തി.
തിരുവനന്തപുരം: സാങ്കേതിക പ്രശ്നത്തെ തുടർന്ന് കുച്ചിപ്പുഡി മത്സരം തടസ്സപ്പെട്ട കോട്ടയം ചിറക്കടവ് എസ്ആർവി എൻഎസ്എസ് വിഎച്ച്എസ്എസിലെ ഐശ്വര്യ വീണ്ടും വേദിയിലെത്തി. പാട്ട് നിന്ന് പോയത് മൂലം ഐശ്വര്യക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നെങ്കിലും രണ്ടാം വരവിൽ കാണികളുടെ മനം കവർന്ന ഗംഭീര പ്രകടനമാണ് ഐശ്വര്യ കാഴ്ച വെച്ചത്.
'പെട്ടെന്നത് പ്രതീക്ഷിച്ചില്ലല്ലോ, അപ്പോ സങ്കടം വന്നു. ഏഴ് മിനിറ്റ് സമയത്തോളം കളിച്ചിരുന്നു. അതിന് ശേഷമാണ് പാട്ട് നിന്ന് പ്രശ്നമായത്. എനിക്ക് റിലാക്സ് ചെയ്യാനുള്ള സമയം തന്നു. അതിന് ശേഷമാണ് രണ്ടാമത് കളിച്ചത്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. രണ്ടാമത് പെർഫോം ചെയ്യാൻ സാധിച്ചപ്പോൾ സന്തോഷമായി.' ഐശ്വര്യ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ആരോ കേബിൾ മാറ്റിക്കുത്തിയതിനെ തുടർന്നാണ് ഐശ്വര്യയ്ക്ക് കുച്ചിപ്പുഡി നൃത്തം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നത്. ഐശ്വര്യക്ക് രണ്ടാമത് അവസരം നൽകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. വേദി മൂന്നിലായിരുന്നു കുച്ചിപ്പുഡി തടസപ്പെട്ടത്.