'കെ.എസ്ആര്‍ടിസി തൊഴിലാളികള്‍12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍'വിഡി സതീശന്‍

സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന സമയം എട്ട് മണിക്കൂര്‍ ആക്കണമെന്നാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ എട്ട് മണിക്കൂര്‍ തൂമ്പയില്‍ പിടിക്കണമെന്ന് നിങ്ങള്‍ കര്‍ഷക തൊഴിലാളികളോട് പറയുമോയെന്നും പ്രതിപക്ഷനേതാവ്

 

satheesan against single duty proposal in ksrtc

തിരുവനന്തപുരം:സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.നിയമസഭയിലായുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.  12500 സ്വകാര്യ ബസുകളില്‍ ഏഴായിരം മാത്രമെ ഇപ്പോള്‍ ഓടുന്നുള്ളൂ. സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്താതിരുന്നാല്‍ സ്‌കൂട്ടര്‍ പോലുമില്ലാത്ത സാധാരണക്കാര്‍ എങ്ങനെ ജോലിക്ക് പോകും? സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ലാഭമുണ്ടായിരുന്ന സര്‍വീസുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റിയപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം അഞ്ചിരട്ടിയായി വര്‍ധിച്ചു. നഷ്ടമുള്ള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയിലുള്ളത്. എന്നിട്ടാണ് മന്ത്രി സ്വിഫ്റ്റിനെ കുറിച്ച് പറയുകയാണ്. കരാര്‍ തൊഴിലാളികള്‍ മാത്രമാണ് സ്വിഫ്റ്റിലുള്ളത്. ഗതാഗതമന്ത്രി കെ.എസ്.ആര്‍.ടി.സിയില്‍ ചെയ്തത് പോലെ സംസ്ഥാനത്ത് നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിരം തൊഴിലാളികളെ പിരിച്ച് വിട്ട് നിങ്ങള്‍ കരാര്‍ തൊഴിലാളികളെ നിയമിക്കുമോ? കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത് ആരുടെ നയമാണ്? 

നെഹ്‌റുവിന്റെ കാലം മുതല്‍ക്കെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാസാക്കിയ നിയമങ്ങളെല്ലാം തൊഴിലാളികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ലേബര്‍ കോഡ്  തൊഴിലാളികള്‍ക്ക് വേണ്ടിയല്ല, കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ്. ലേബര്‍ കോഡിലാണ് 12 മണിക്കൂര്‍ ജോലിയെ കുറിച്ച് പറയുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഒരു സര്‍ക്കാരാണ് കെ.എസ്.ആര്‍.ടി.സി തൊഴിലാളികള്‍ 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറയുന്നത്. സ്റ്റിയറിംഗ് പിടിച്ചിരിക്കുന്ന സമയം എട്ട് മണിക്കൂര്‍ ആക്കണമെന്നാണ് പറയുന്നത്. അങ്ങെയാണെങ്കില്‍ എട്ട് മണിക്കൂര്‍ തൂമ്പയില്‍ പിടിക്കണമെന്ന് നിങ്ങള്‍ കര്‍ഷക തൊഴിലാളികളോട് പറയുമോ? ഇത് എവിടുത്തെ നിയമമാണ്? ആര് കൊണ്ടുവന്ന നിയമമാണ്? എട്ട് മണിക്കൂര്‍ ജോലി ചെയ്യണമെന്ന അഭിപ്രയത്തെ അധികാരത്തില്‍ ഇരിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അംഗീകരിക്കുന്നുണ്ടോ? ഇത് തീവ്ര വലതുപക്ഷ നയവ്യതിയാനമാണ്. അതുകൊണ്ടാണ് സി.ഐ.ടി.യു നേതാവായ ആനത്തലവട്ടം ആനന്ദന്‍ ഇതിനെ എതിര്‍ക്കുന്നത്. 

12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് മന്ത്രി പറഞ്ഞപ്പോള്‍ ഭരണപക്ഷത്തെ സി.ഐ.ടി.യു നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയ്യടിക്കുകയാണ്. ഈ മന്ത്രി എപ്പോള്‍ സംസാരിച്ചാലും യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിക്കും. ആയിരം കോടിയോളം രൂപ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിക്ക് കൊടുത്തതെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അയ്യായിരം കോടി രൂപയാണ് നല്‍കിയതെന്നുമാണ് മന്ത്രി പറയുന്നത്. യു.ഡി.എഫ് കാലത്ത് ആയിരം കോടി കൊടുത്താല്‍ മതിയായിരുന്നു. അന്ന് 5200 ബസും 46000 തൊഴിലാളികളും ഉണ്ടായിരുന്നു. ഇന്ന് 25000 തൊഴിലാളികള്‍ മാത്രമെയുള്ളൂ. എന്നിട്ടും ഇപ്പോള്‍ കൂടുതല്‍ പണം കൊടുത്തെന്ന് പറഞ്ഞാല്‍ അത്രയ്ക്ക് മോശമായ അവസ്ഥയിലാണ് കെ.എസ്.ആര്‍.ടി.സിയെന്നാണ് മന്ത്രി സമര്‍ത്ഥിക്കുന്നത്. 

സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്‍ മന്ത്രിക്കെതിരെ പറഞ്ഞതൊന്നും പ്രതിപക്ഷം നിയമസഭയില്‍ പറയുന്നില്ല. പാര്‍ട്ടി അറിയാതെയാണോ ആനത്തലവട്ടം മന്ത്രിയെ വിമര്‍ശിച്ചത്. ആ ഭാഷയൊന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ എം. വിന്‍സെന്റ് പറഞ്ഞിട്ടില്ല. ഐ.എന്‍.ടി.യു.സി കരാറില്‍ ഒപ്പിട്ടില്ലേയെന്നാണ് മന്ത്രി ചോദിക്കുന്നത്. സി.ഐ.ടി.യു ഉള്‍പ്പെടെ ഒപ്പിട്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ കുറിച്ച് പറയുമ്പോള്‍ മന്ത്രി അസ്വസ്ഥനാകേണ്ട കാര്യമില്ല. 

ഇന്ധന വില വര്‍ധിച്ചപ്പോള്‍ കഴിഞ്ഞ ആറ് വര്‍ഷം ഏഴായിരം കോടിയാണ് സംസ്ഥാനത്തിന് അധിക വരുമാനമായി ലഭിച്ചത്. ഇതില്‍ നിന്നും കെ.എസ്.ആര്‍.ടി.സിക്ക് ഫ്യുവല്‍ സബ്‌സിഡി  നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ സബ്‌സിഡി മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കണം. പ്രകടനപത്രികയിലെ 600 പ്രഖ്യാപനങ്ങളില്‍ 570 കാര്യങ്ങളും നടപ്പാക്കിയെന്ന അവകാശവാദത്തില്‍ കെ.എസ്.ആര്‍.ടി.സിയും ഉള്‍പ്പെടുമോ? പാവങ്ങളുടെ പൊതുഗതാഗത സംവിധാനത്തിന് വേണ്ടി പ്രകടനപത്രികയില്‍ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം നടപ്പാക്കിയോ? 2020-21 ബജറ്റില്‍ മൂവായിരം ഡീസല്‍ ബസുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത്. രണ്ട് ലക്ഷം കോടിക്ക് കെ റെയില്‍ കൊണ്ടുവരാന്‍ ശ്രമിച്ച നിങ്ങള്‍ക്ക് ആയിരം കോടി നല്‍കി കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ച് കൂടെ. ഇനി കെ- റെയില്‍ കൊണ്ടുവരാന്‍ വേണ്ടിയാണോ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നത്? ആരോഗ്യം വിദ്യാഭ്യാസം പോലെ പ്രധാനമാണ് പൊതുഗതാഗതവും. പാവങ്ങളുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ ഈ സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. 

Latest Videos
Follow Us:
Download App:
  • android
  • ios