കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്.യാതൊരു പ്രശ്നവും ഇപ്പോൾ ഇല്ല

ദില്ലി: കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയെ പുകഴ്ത്തിയ ലേഖനത്തിലുറച്ച് ശശി തരൂര്‍. ഡേറ്റയുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയത്.. ഡേറ്റകൾ സിപിഎമ്മിന്‍റെത് അല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. വേറെ കണക്ക് കിട്ടിയാൽ മാറ്റാം.കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.ഏറെ നാളുകള്‍ക്ക് ശേഷമുള്ള കുടിക്കാഴ്ചയാണ് നടന്നത്. യാതൊരു പ്രശ്നവും ഇപ്പോൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു

അനുനയ ചര്‍ച്ച നടന്നെങ്കിലും ശശി തരൂരിന്‍റെ തുടര്‍ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ദേശീയ തലത്തിലും സംസ്ഥാനത്തും പാര്‍ട്ടിക്കുള്ളില്‍ നേരിടുന്ന അവഗണനയിലും ആക്രമണത്തിലും കടുത്ത നീരസമാണ് രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ അറിയിച്ചത്. പാര്‍ട്ടി നയത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയും തരൂരിനെ ധരിപ്പിച്ചു

ലേഖനത്തിലും മോദി നയത്തിലും താന്‍ മുന്‍പോട്ട് വച്ച കാഴ്ചപ്പാടിനെ തെറ്റിദ്ധരിച്ച് പ്രതിപക്ഷ നേതാവുള്‍പ്പടെയുള്ള നേതാക്കള്‍ വാളെടുത്തത് തരൂരിനെ വല്ലാത ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലുള്ള കടുത്ത അതൃപ്ചി രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ തരൂര്‍ പങ്ക് വച്ചിരുന്നു. വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്നാണ് തരൂരിന്‍റെ ലൈന്‍. തരൂരിനെതിരെ കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഗാന്ധി സംസാരിച്ചത്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെയും , ലേഖനത്തിലെയും പാര്‍ട്ടി നയം രാഹുല്‍ ഗാന്ധി തരൂരിനോട് വിശദീകരിച്ചു.ചില വിഷയങ്ങളില്‍ എക്കാലവും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു തരൂരിന്‍റെ മറുപടി. ദേശീയ തലത്തിലും, സംസ്ഥാനത്തും നേരിടുന്ന അവഗണന തരൂര്‍ രാഹുലിന്‍റെ മുന്നില്‍ തുറന്ന് പറഞ്ഞു.