വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു; വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

വിജയരാഘവൻമാരെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ  ചവിട്ടി നിൽക്കുന്ന മണ്ണ് സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചു പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.

samastha mouthpiece suprabatham news paper criticise cpm leader a vijayaraghavan provoking speech at wayanad

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പ്രസ്താവനയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.  

സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുകയാണ്. സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയം പറയുന്നതാവരുത് സിപിഎമ്മിന്റെ ലക്ഷ്യം.  ഇസ്ലാമോഫോബിയ വളർത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യും. വിജയരാഘവൻമാരെ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ  ചവിട്ടി നിൽക്കുന്ന മണ്ണ് സംഘപരിവാർ കൂടാരത്തിലേക്ക് ഒലിച്ചു പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.

ബിജെപിയെ പോലെ പരസ്യമായി സിപിഎം നേതാക്കളും ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയാണ്.  പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാനാണ്  മുസ്ലിം വിരോധം പ്രചരിപ്പിക്കുന്നത്.  എ വിജയരാഘവന്റെ പരാമർശം സംഘപരിവാർ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്.  മുസ്ലിം വിരുദ്ധതയുടെയും വെറുപ്പിന്‍റേയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്. പിണറായിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽ വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു. 

വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ ആരോപിച്ചിരുന്നു. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമെന്നും സിപിഎം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം വയനാട് പരാമർശത്തിൽ വിമർശനം കടുക്കുമ്പോഴും നിലപാട് ആവർത്തിക്കുകയാണ് എ. വിജയരാഘവൻ. രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത്‌ കോൺഗ്രസും ലീഗും ജമാഅത്തെ ഇസ്ലാമിയും എസ്‌.ഡി.പി.ഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണെന്ന് വിജയരാഘവൻ ഫേസ്ബുക്കിൽ കുറിച്ചു. 

വീഡിയോ സ്റ്റോറി

Read More : പൊലീസ് തലപ്പത്ത് വീണ്ടും പോര്; എം ആര്‍ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍

Latest Videos
Follow Us:
Download App:
  • android
  • ios