മന്ത്രിക്കസേര പോയി, ഇനി എം എൽ എ സ്ഥാനമോ? സജി ചെറിയാൻ വഴിയാധാരമാകുമോ?
സ്വാഭാവികമായും സജി ചെറിയാന് അന്വേഷണത്തോട് സഹകരിക്കേണ്ടതായി വരും. അല്ലെങ്കിൽ കേസിന്‍റെ നിലനിൽപ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാം. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടാം. എന്നാൽ മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിച്ചതുവഴി അസാധാരണ സാഹചര്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്.
കൊച്ചി : നാക്കുപിഴയെന്ന് എത്രയൊക്കെ ആണയിട്ടാലും എത്രകാലം ആശ്വസിക്കാൻ പറ്റും. സജി ചെറിയാന്‍റെ കാര്യത്തിൽ സംഭവിച്ച് അത് തന്നെയാണ്. കാൽനൂറ്റാണ്ട് മുന്പായിരുന്നെങ്കിൽ പത്രങ്ങൾ വളച്ചൊടിച്ചതെന്നുപറഞ്ഞ് പിടിച്ചുനിൽക്കാമായിരുന്നു. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ പറഞ്ഞത് അതേപടി വിഴുങ്ങാൻ യാതൊരുവഴിയുമില്ല. പറഞ്ഞുനിൽക്കാൻ മറുവഴിയില്ലാതെ വന്നതോടെയാണ് സജി ചെറിയാന്‍റെ മന്ത്രിക്കസേര തെറിച്ചത്.
പൊലീസ് കൂടി കേസെടുത്തതോടെ ചെങ്ങന്നൂർ എം എൽ എയ്ക്കുമുന്നിലെ നിയമ വഴികൾ എന്തെല്ലാമാണ്? കോടതി നിർദേശപ്രകാരം കേസെടുത്തതിനാൽ സജി ചെറിയാന് ഭാവിയിൽ അങ്ങനെയങ്ങ് ക്ലീൻ ചിറ്റ് നൽകാൻ പൊലീസിന് കഴിയില്ല. പ്രത്യേകിച്ചും രണ്ടു ദിവസം കൊണ്ടാണെങ്കിലും ഏറെ കോളിളക്കമുണ്ടാക്കിയ സംഭവത്തിൽ മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും കണ്ണുകൾ കേസിന് പിന്നാലെ ഇനിയും ഉണ്ടാകുമെന്നുറപ്പാണ്
സ്വാഭാവികമായും സജി ചെറിയാന് അന്വേഷണത്തോട് സഹകരിക്കേണ്ടതായി വരും. അല്ലെങ്കിൽ കേസിന്‍റെ നിലനിൽപ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാം. തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടാം. എന്നാൽ മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിച്ചതുവഴി അസാധാരണ സാഹചര്യമുണ്ടെന്നാണ് നിയമവിദഗ്ധർ കരുതുന്നത്. അതായത് ഹൈക്കോടതി സ്റ്റേ അനുവദിക്കാതെ വരികയോ ഹർജി അംഗീകരിക്കാതിരിക്കുകയോ ചെയ്താൽ സജി ചെറിയാന് അത് ഇടിത്തീയാകും. അതുകൊണ്ടുതന്നെ കരുതലോടെയാകും സജി ചെറിയാന്‍റെ ഇനിയുളള നീക്കങ്ങൾ.
മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ എം എൽ എ സ്ഥാനം കൂടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിഡി സതീശനും കൂട്ടരും ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. എന്നാൽ നിയമപരമായി എം എൽ എ സ്ഥാനം രാജിലയ്ക്കേണ്ടതില്ല. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടെങ്കിൽ മാത്രമേ അയോഗ്യതയ്ക്ക് അടിസ്ഥാനമുളളു. അതുവരെ ധാർമികത പറഞ്ഞ് പ്രതിപക്ഷത്തിന് രാജി ആവശ്യപ്പെടുന്നത് തുടരാം.
സജി ചെറിയാനെതിരെ ഒരു കോവാറന്‍റോ ഹർജിയുടെ വിദൂര സാധ്യതകളും ചില നിയമ വിദഗ്ധരെങ്കിലും കാണുന്നുണ്ട്. സുപ്രധാന ഭരണഘടനാ ചുമതലയിലോ ഭരണഘടനാ സ്ഥാനങ്ങളിലോ ഉളളവർക്ക് മതിയായ യോഗ്യത ഇല്ലെങ്കിലോ ഇവരെ ചുമതലപ്പെടുത്തിയവർക്ക് യോഗ്യതയില്ലെങ്കിലോ ആണ് കോ വാറന്‍റോ ഹർജിയ്ക്ക് പ്രസക്തി. ഭരണഘടനോയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തും എന്ന് സത്യപ്രതിജ്ഞചെയ്താണ് എം എൽ എ ആയി സജി ചെറിയാൻ ചുമതലയേറ്റത്.
ഭരണഘടന പതിറ്റാണ്ടുകളായി ചൂഷണത്തിനുളള വഴിയാണെന്നും തൊഴിലാളി വിരുദ്ധമാണെന്നും പറയുക വഴി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് വാദിക്കേണ്ടിവരും. മറ്റൊരു തരത്തിൽപറഞ്ഞാൽ എം എൽ എ ആയി സത്യ പ്രതിജ്ഞചെയ്യുന്പോൾ തന്നെ ഭരണഘടനയിൽ സജി ചെറിയാന് വിശ്വാസമുണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കേണ്ടിവരും. നിലവിലെ അവസ്ഥയിൽ ഇത്തരമൊരു ഹർജിയിലൂടെ ഇക്കാര്യം സ്ഥാപിച്ചെടുക്കാനുളള ബുദ്ധിമുട്ടും നിയമവിദഗ്ധർ തന്നെ മുന്നിൽ കാണുന്നുണ്ട്.
സജി ചെറിയാൻ ഭാവിയിൽ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാനുളള സാധ്യതകളും പലരും മുന്നിൽക്കാണുന്നുണ്ട്. എന്നാൽ നിയമപരമായോ കോടതി വഴിയോ തനിക്കനുകൂലമായ ഉത്തരവ് സന്പാദിക്കേണ്ടത് അതിനത്യാവശ്യമാണ്. ഒന്നുകിൽ കേസ് നിലനിൽക്കില്ലെന്ന് പൊലീസ് അന്തിമ റിപ്പോർട് നൽകി സജി ചെറിയാനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കണം. അല്ലെങ്കിൽ അതിവേഗം കുറ്റപത്രം നൽകി വിചാരണ പൂർത്തിയാക്കി കുറ്റവിമുക്തനാകണം. അതുമല്ലെങ്കിൽ മേൽക്കോടതിയിൽപ്പോയി എഫ് ഐ ആർ തന്നെ റദ്ദാക്കിക്കണം. എന്നാൽ ഇതിനൊക്കെ കുറച്ചുകാലതമാസം ഉണ്ടാകുമെന്നുറപ്പാണ്.
\
'സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജി വെക്കണം', ആവര്‍ത്തിച്ച് വിഡി സതീശൻ
നിയമസഭയില്‍ സജി ചെറിയാന് ഇരിപ്പിടം കെകെ ശൈലജക്ക് അടുത്ത്; വകുപ്പ് തൽക്കാലം മുഖ്യമന്ത്രിക്ക്