ശബരിമല തിരുവാഭരണ കേസ് ചൊവ്വാഴ്ച സുപ്രീംകോടതിയിൽ; സർക്കാരിനും പന്തളം കൊട്ടാരത്തിനും നിർണായകം 

തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും

Sabarimala Thiruvabharanam case to be heard in Supreme Court on Tuesday, Crucial for government and Pandalam palace 

ദില്ലി: 2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിക്ക് മുന്നിൽ എത്തുന്നത്. 2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്.അതും മണ്ഡലമാസം ആരംഭിക്കുന്നതിന് ഒരു ദിവസം മുൻപ്. ജസ്‌റ്റീസുമാരായ കൃഷ്‌ണ മുരാരി, എസ്‌.രവീന്ദ്ര ഭട്ട്‌ എന്നിവരാണ് കേസ്‌ പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് സീൽ വച്ച കവറിൽ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ജസ്‌റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍ നായരെ 2020 ഫെബ്രുവരിയില്‍ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തിരുവാഭരണം രാജകുടുംബത്തിന്റെ കൈവശം തുടരുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോ എന്ന വിഷയം പരിശോധിക്കണമെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും. അന്തിമവാദം എന്നാണ് സുപ്രീം കോടതി വെബ് സെറ്റിൽ  രേഖപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കാരണം കേസിന്റെ നടപടികൾ നേരത്തെ നീണ്ടു പോയിരുന്നു. 

ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്റെ കരട് തയാറാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. മണ്ഡലകാലത്ത് തന്നെ കേസ് എത്തുന്നത് സർക്കാരിനും നിർണായകമാണ്. ദേവപ്രശ്നം നടത്തിയത് പന്തളം കൊട്ടാരത്തിന്റെ സമ്മതമില്ലാതെയാണെന്നും അതിനാൽ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും ശബരിമല ഭരണത്തിന് പ്രത്യേക ഉപദേശക സമിതി വേണമെന്നുമാണ് കൊട്ടാരത്തിന്റെ വാദം. കഴിഞ്ഞ തവണ  കേസ് പരിഗണിച്ചപ്പോൾ തിരുവാഭരണത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞിരുന്നു. പന്തളം കൊട്ടാരം ഭരണസമിതിക്കാണ്  നിലവിൽ തിരുവാഭരണത്തിന്റെ മേൽനോട്ട ചുമതല. ഇതേകുറിച്ച് രേവതി തിരുനാൾ രാമവർമ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി സംശയം അന്ന് പ്രകടിപ്പിച്ചിരുന്നു.  ആശുപത്രിയിൽ കഴിയുന്ന 100 വയസുള്ള രേവതി തിരുന്നാൾ രാമവർമയുടെ ഒപ്പ് തന്നെയാണോ സത്യവാങ്മൂലത്തിലെന്ന് ഉറപ്പുവരുത്താൻ പത്തനംതിട്ട ജില്ലാ ജഡ്ജിക്കും നിർദ്ദേശം നൽകിയിരുന്നു. 

കേസിൽ കക്ഷി ചേരാൻ രാജകുടുംബാംഗങ്ങായ രാജ രാജ വർമ ഉൾപ്പെടെ 12 പേർ നൽകിയ അപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഉടമസ്‌ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിൽ കഴിഞ്ഞ തവണ കോടതി അതൃപ്തി അറിയിച്ചിരുന്നു. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇടപെടാന്‍ അന്നത്തെ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനോട്  ജസ്‌റ്റിസ്‌ എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച്‌ അഭ്യര്‍ത്ഥിച്ചിരുന്നു. കേസിലെ പ്രധാന ഹർജിക്കാരാനായ   പി.രാമവര്‍മരാജ ഈ വർഷം ജൂണിൽ നൂറ്റിമൂന്നാം വയസിൽ അന്തരിച്ചു.
 

Latest Videos
Follow Us:
Download App:
  • android
  • ios