ശബരിമലയിലെ തിരക്ക്; ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്, ഉന്നതതല യോഗം ചേരും
ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെർച്വൽക്യു ബുക്കിങ് 80000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിർദേശം
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ വിലയിരുത്തുക.എംഎൽഎമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,സ്പെഷ്യൽ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവ പങ്കെടുക്കും. ശബരിമല തന്ത്രി ഉൾപ്പടെയുള്ളവരെയും ദേവസ്വം മന്ത്രി കാണും. ഇന്നലെ പന്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.
ഇതിനിടെ, ശബരിമലയിൽ സന്നിധാനം സ്പെഷ്യൽ ഓഫീസറായി കെ.സുധർശൻ ഐപിഎസ് ഇന്ന് ചുമതലയേൽക്കും. മൂന്നാം ഘട്ട എസ്പിമാരുടെ നിയമനത്തിൽ തിരക്ക് നിയന്ത്രണത്തിന്‍റെ ഭാഗമായി മുൻ പരിചയമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചത്. പമ്പയിൽ മധുസൂദനനും നിലയ്ക്കലിൽ കെ.വി.സന്തോഷുമാണ് പുതിയ സ്പെഷ്യൽ ഓഫീസർമാർ. അതേസമയം, ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെർച്വൽക്യു ബുക്കിങ് 80000 ത്തിലേക്ക് എത്തുന്ന ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് പതിനായിരമായി നിജപ്പെടുത്താനാണ് ഹൈക്കോടതിയുടെ നിർദേശം.
ശബരിമലയിൽ നിലവിലെ സ്ഥിതി സംബന്ധിച്ച് സുരക്ഷാ ചുമതലയുള്ള എഡിജിപി വിശദീകരണം നൽകും. നിലക്കലിൽ കൂടുതൽ പാർക്കിങ് സ്ഥലം അനുവദിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വംബോർഡും നിലപാട് അറിയിക്കും. ക്യൂകോംപ്ലക്സിലും തീർഥാടകർക്കുള്ള ഷെഡിലും അനുവദനീയമായ ആളുകളിൽ കൂടുതൽ ഉണ്ടാകരുതെന്നാണ് ഹൈക്കോടതി നിർദേശം. ഇത്തരം സ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കാനും നിർദേശമുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുക.