ശബരിമല മണ്ഡലപൂജ; നാളെ വൈകിട്ട് 7 മുതൽ പമ്പയിൽ നിന്ന് ഭക്തർക്ക് പ്രവേശനമില്ല
നാളെ അറുപതിനായിരം അയ്യപ്പഭക്തർക്ക് ആണ് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ ദർശനം നടത്താൻ ആവുക
പത്തനംതിട്ട: നാളെ വൈകിട്ട് ഏഴ് മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ മലകയറാൻ അനുവദിക്കില്ല. കേരള ഹൈക്കോടതിയുടെ ഡിസംബർ 19ലെ ഉത്തരവ് പ്രകാരം ഇന്നത്തെയും നാളത്തെയും വെർച്ചൽ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങും വെട്ടിക്കുറച്ചിരുന്നു. ഇതുപ്രകാരം നാളെ അറുപതിനായിരം അയ്യപ്പഭക്തർക്ക് ആണ് വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെ ദർശനം നടത്താൻ ആവുക. സ്പോട് ബുക്കിങ്ങിലൂടെ അയ്യായിരം പേർക്കും ദര്‍ശനം നടത്താം.
അതേസമയം, തീർത്ഥാടകർക്ക് ദർശനപുണ്യമേകി ശബരിമലയിൽ തങ്ക അങ്കി ചാർത്തിയുളള ദീപാരാധന നടന്നു. 41 ദിവസത്തെ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുള്ള മണ്ഡലപൂജ ചടങ്ങുകൾ നാളെ നടക്കും. ഉച്ചയ്ക്ക് 1.30ന് ദേവസ്വം മന്ത്രി വി. എൻ വാസവൻ പമ്പയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു. വൈകിട്ട് അഞ്ചരയോടെ ദേവസ്വത്തിന്‍റെയും വിവിധ വകുപ്പുകളുടെയും പ്രതിനിധി സംഘം സന്നിധാനത്ത് നിന്ന് ശരംകുത്തിയിൽ എത്തി ഘോഷയാത്രയെ ആചാരപൂർവ്വം സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയിൽ വലിയ നടപ്പന്തലും കടന്ന് സന്നിധാനത്ത് എത്തിയ ഘോഷയാത്ര 6.20 ഓടെ പതിനെട്ടാം പടി ചവിട്ടി.
പടി കയറി എത്തിയ പേടകത്തെ കൊടിമര ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്‍റെയും നേതൃത്വത്തിൽ പേടകം ഏറ്റുവാങ്ങി തന്ത്രിക്കും മേൽശാന്തിക്കും കൈമാറി. 6.30 ഓടെ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തി ദീപാരാധന നടന്നു. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാം പടി കയറ്റി തുടങ്ങി. ആയിരക്കണക്കിന് ഭക്തരാണ് തങ്ക അങ്കി ചാർത്തിയുള്ള ദർശനത്തിനായി കാത്തു നിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് 12 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് മണ്ഡലപൂജ ചടങ്ങുകള്‍.