ഈ കൈകൾ തീരുമാനിക്കും! രാമവർമ രാജയുടെ അംഗീകാരം, വലിയ നിയോഗവുമായി അവർ സന്നിധാനത്തേക്ക്; മേൽശാന്തി നറുക്കെടുപ്പ്
പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ - ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും
പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ നറുക്കെടുക്കുന്നതിന് പന്തളം കൊട്ടാരത്തിൽ നിന്ന് ഋഷികേശ് വർമ്മയ്ക്കും വൈഷ്ണവിയ്ക്കും പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേർഡ് ജസ്റ്റിസ് കെ ടി തോമസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.
പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ - ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ - പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.
പന്തളം കൊട്ടാരം വലിയ തമ്പുരാന്‍റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 16ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് ശേഷം സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം