പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് അങ്ങ് റഷ്യയിൽ, കേരളത്തിലും വോട്ടെടുപ്പ് !
തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലായിരുന്നു വോട്ടെടുപ്പ്
തിരുവനന്തപുരം: കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൗരന്മാർ റഷ്യൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. റഷ്യൻ ഫെഡറേഷന്‍റെ ഓണററി കോൺസുലേറ്റായ തിരുവനന്തപുരത്തെ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിലായിരുന്നു വോട്ടെടുപ്പ്. ഇത് മൂന്നാം തവണയാണ് റഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് തിരുവനന്തപുരത്ത് ക്രമീകരിച്ചതെന്ന് റഷ്യൻ ഓണററി കൌണ്‍സലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് നായർ പറഞ്ഞു. പോളിംഗ് പ്രക്രിയയിൽ സഹകരിച്ചതിന് കേരളത്തിലെ റഷ്യൻ പൗരന്മാരോട് അദ്ദേഹം നന്ദി അറിയിച്ചു.
കേരളത്തിൽ താമസിക്കുന്ന റഷ്യൻ പൌരന്മാർക്കും റഷ്യക്കാരായ വിനോദസഞ്ചാരികള്‍ക്കും വേണ്ടിയാണ് വോട്ടെടുപ്പിനുള്ള സജ്ജീകരണം ഒരുക്കിയതെന്ന് രതീഷ് നായർ പറഞ്ഞു. റഷ്യൻ ഫെഡറേഷന്‍റെ സെൻട്രൽ ഇലക്ഷൻ കമ്മീഷനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്. തങ്ങളുടെ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ വോട്ട് ചെയ്യാൻ ഉത്സാഹം കാണിച്ച റഷ്യൻ പൗരന്മാരോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകിയതിന് റഷ്യൻ ഹൗസിനും ഇന്ത്യയിലെ കോൺസുലേറ്റ് ജനറലിനും നന്ദി പറയുന്നതായി റഷ്യക്കാരി ഉല്യ പറഞ്ഞു. വോട്ട് ചെയ്യുക എന്നത് ഓരോ പൌരനെ സംബന്ധിച്ചും പ്രധാനമാണെന്നും അവർ പറഞ്ഞു.
മാർച്ച് 15 മുതൽ 17 വരെയാണ് റഷ്യയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. റഷ്യൻ പൗരന്മാർ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 11 ടൈം സോണുകളിൽ നിന്ന് വോട്ട് ചെയ്യും. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനെതിരെ മൂന്ന് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ലിയോനിഡ് സ്ലട്ട്‌സ്‌കി, ന്യൂ പീപ്പിൾ പാർട്ടിയുടെ വ്‌ലാഡിസ്ലാവ് ദവൻകോവ്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിന്‍റെ എതിരാളികള്‍. ഇവരിലാരും യുക്രെയ്നിനെതിരായ റഷ്യയുടെ സൈനിക നടപടിക്ക് എതിരല്ല. പ്രതിപക്ഷത്തെ പലരും ജയിലിലടയ്ക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തെന്നും അതുകൊണ്ടുതന്നെ പുടിന്‍റെ വിജയം ഏകദേശം ഉറപ്പാണെന്നുമാണ് സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ 2030 വരെ ഭരണം തുടരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം