ആർഎസ്എസ് കൂടിക്കാഴ്ച: എഡിജിപി എംആർ അജിത് കുമാറിന്റെ മൊഴിയെടുപ്പ് പൊലീസ് ആസ്ഥാനത്ത് തുടരുന്നു
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിജിപി ദര്‍വേഷ് സാഹിബ്, പ്രത്യേക സംഘത്തിലെ അംഗമായ ഐജി സ്പര്‍ജൻ കുമാർ എന്നിവരാണ് മൊഴിയെടുക്കുന്നത്.
തിരുവനന്തപുരം : ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി എടുക്കുന്നത് പൊലീസ് ആസ്ഥാനത്ത് തുടരുകയാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിജിപി ദര്‍വേഷ് സാഹിബ്, പ്രത്യേക സംഘത്തിലെ അംഗമായ ഐജി സ്പര്‍ജൻ കുമാർ എന്നിവരാണ് മൊഴിയെടുക്കുന്നത്.
രാവിലെ പതിനൊന്നരക്ക് ആരംഭിച്ച മൊഴിയെടുപ്പ് ഉച്ചഭക്ഷണത്തിന് ശേഷം തുടരുകയായിരുന്നു. കഴിഞ്ഞ വർഷം മെയ് 22 ന് ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബോളയുമായും ജൂണ്‍ 23 ന് കോവളത്ത് റാം മാധവുമായാണ് അജിത് കുമാർ കൂടിക്കാഴ്ച നടത്തിയത്. ഇതിനോടൊപ്പം പി വി അന്‍വർ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ചും അജിത് കുമാറിൽ നിന്ന് മൊഴിയെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു തവണ അജിത് കുമാറിന്‍റെ മൊഴിയെടുത്തിരുന്നു.
അതേസമയം, പി.ശശി, എഡിജിപി എംആർ അജിത് കുമാർ എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി. രണ്ടുപേരുടെയും സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹർജി. കോടതി നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ബിനാമി പേരിലും സ്വത്തുകള്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജലൻസ് ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടു. സമാനമായ പരാതി അന്വേഷിക്കുന്നുണ്ടോയെന്നതടക്കം അടുത്ത മാസം ഒന്നിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.