50 രൂപയുടെ അരി 10 രൂപയ്ക്ക്, ഇതടക്കം വമ്പൻ വിലക്കുറവ്; ഓടിയെത്തി ജനം; 16 കോടി രൂപയുടെ വിൽപ്പനയെന്ന് സപ്ലൈകോ
ഈ ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധിച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് സാക്ഷ്യം വഹിച്ചത്. ഈ ഓണക്കാലത്ത് സാധാരണക്കാർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതിന്റെ തെളിവാണ് സപ്ലൈക്കോ സ്റ്റോറുകളിലെയും, ഓണം ഫെയറുകളിലെയും ജനത്തിരക്ക്. ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വിൽപ്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി. ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ഗുണനിലവാരം ഉറപ്പാക്കി ന്യായമായ വിലയിൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് എത്തിക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു.
ഈ ഓണക്കാലത്ത് 52 ലക്ഷം കുടുംബങ്ങൾക്ക് ഏറ്റവും നല്ല അരിയിനമായ ചമ്പാവരി 10 കിലോ അധികം നൽകി. 50 രൂപയിലധികം വില വരുന്ന ചമ്പാവരി 10 രൂപ നിരക്കിൽ നൽകാൻ കഴിഞ്ഞത് ഭക്ഷ്യവകുപ്പിന് അഭിമാനകരമായ നേട്ടമായി. അർഹരായ 92 ശതമാനം റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം പുത്തരികണ്ടം മൈതാനത്തിലെ സപ്ലൈക്കോ ഓണം ഫെയർ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം